17.5 ലക്ഷം വാങ്ങി ലാബ് അസിസ്റ്റന്റായി നിയമിച്ച യുവതിയെ ഒരു വര്‍ഷത്തിന് ശേഷം സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു

ലക്ഷങ്ങള്‍ വാങ്ങി നിയമനം നല്‍കിയ ശേഷം ലാബ് അസിസ്റ്റന്റ് ജോലിയില്‍ നിന്നും നിര്‍ദ്ധനയും വിധവയുമായ യുവതിയെ പിരിച്ചുവിട്ട എയ്ഡഡ് സ്‌കൂളിനെതിരെ പൊലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തൃശൂര്‍ പാലിശേരിയിലെ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജരുടെ നടപടിക്കെതിരെ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താന്‍ ത്യശൂര്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.
പാലിശേരി എസ് എന്‍ ഡി പി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജരും 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പോലീസ് റിപ്പോര്‍ട്ടും ഒരു മാസത്തിനകം ലഭിക്കണം. 17.5 ലക്ഷം വാങ്ങിയ ശേഷം 2016 ല്‍ നിയമിച്ച പി എല്‍ ബിന്ദുവിനെ ഒരു വര്‍ഷത്തിന് ശേഷം പിരിച്ചുവിട്ടെന്നാണ് പരാതി. ഏക സമ്പാദ്യമായ വീടിന്റെ ആധാരം പണയം വച്ചാണ് ഭര്‍ത്താവ് മരിച്ച ബിന്ദു ഭീമമായ തുക കോഴ നല്‍കിയത്.
പ്രായമുള്ള അഛന്റെ പെന്‍ഷനാണ് ഏക വരുമാനം. പതിനൊന്നിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. കടം കയറി വീട് ജപ്തിയുടെ വക്കിലാണ്. ബിന്ദുവും മകളും സ്‌കൂളിന് മുന്നില്‍ സത്യാഗ്രഹം തുടങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആരോപണം ശരിയാണെങ്കില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























