ചന്തയിൽ പോയതുപോലെ സ്ഥാനപതി കാര്യാലയത്തിൽ ചെന്നു; വത്തിക്കാൻ സ്ഥാനപതിയെ കാണാൻ ഓട്ടോറിക്ഷയിൽ ഡൽഹിയിൽ പോയ പോലീസ് സംഘം ഇളിഭ്യരായി മാറി ; ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങൾ മുടക്കി ഡൽഹിയിൽ പോയത് തികഞ്ഞ ലാഘവത്തോടെ പാളയം ചന്തയിൽ മത്സ്യം വാങ്ങുന്ന മട്ടിൽ

വത്തിക്കാൻ സ്ഥാനപതിയെ കാണാൻ ഓട്ടോറിക്ഷയിൽ ഡൽഹിയിൽ പോയ പോലീസ് സംഘം ഇളിഭ്യരായി മാറി. ബലാൽസംഗത്തിന് ആരോപണ വിധേയനായ ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്. ഏതൊരു സ്ഥാനപതിയെ കാണണമെങ്കിലും ക്യത്യമായ അനുവാദം വേണം. അതിന് സ്ഥാനപതി കാര്യാലയത്തിൽ അപേക്ഷ നൽകണം. സ്ഥാനപതി കാര്യാലയത്തിന്റെ ഗേറ്റ് കടന്നാൽ നമ്മൾ ആ രാജ്യത്താണ് നിൽക്കുന്നത്. ഇതൊന്നുമറിയാതെ തികഞ്ഞ ലാഘവത്തോടെ പാളയം ചന്തയിൽ മത്സ്യം വാങ്ങുന്ന മട്ടിലാണ് ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങൾ മുടക്കി ഡൽഹിയിൽ പോയത്.
തിങ്കളാഴ്ച രാവിലെ സ്ഥാനപതി കാര്യാലയത്തിൽ എത്തി റിസപ്ഷനിൽ അപേക്ഷ നൽകാനാണ് സ്ഥാനപതി കാര്യാലയത്തിലെ സെക്യൂരിറ്റിക്കാരൻ ഡി വൈ എസ് പി യെ അറിയിച്ചത്. ഇക്കാര്യം അറിയാമായിരുന്ന ചാനലുകാർ ഡിവൈഎസ്പി യോട് പറഞ്ഞെങ്കിലും തങ്ങൾ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഡിവൈഎസ്പി പറഞ്ഞത്.
ജലന്തർ ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തകൃതിയാണ്. കാര്യങ്ങൾ പരമാവധി താമസിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അതിന് ഭരണ നേതൃത്വത്തിന്റെ അംഗീകാരമുണ്ട്. വത്തിക്കാൻ സ്ഥാനപതിയെ കണ്ട ശേഷം ജലന്തറിലേക്ക് പോകാനായിരുന്നു പദ്ധതി. അതെല്ലാം മുടങ്ങി. ഇനി ഉജ്ജ്യൻ ബിഷപ്പിനെ കാണണമത്രേ.
വത്തിക്കാൻ സ്ഥാനപതിയെ കാണാൻ ഓട്ടോയിലെത്തിയ പോലീസ് സംഘം വലിയൊരു തമാശയായി മാറി കഴിഞ്ഞു. ചെറിയ കുട്ടികൾക്ക് പോലും അറിയുന്ന കാര്യങ്ങൾ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന് അറിയില്ലെന്നത് ആരും വിശ്വസിക്കുകയില്ല.
ജലന്തറിൽ സംഘം ചെല്ലുമ്പോൾ എന്തെല്ലാം മാജിക് നടക്കുമെന്ന് കണ്ടറിയാം. ചിലപ്പോൾ ബിഷപ്പ് തന്നെ സ്ഥലം വിട്ടേക്കാം. ഡൽഹിയിലെത്തിയ പോലീസ് സംഘത്തിനൊപ്പം വൻ മാധ്യമ പടയുമുണ്ട്. അതിനിടെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഡി ജി പി റിപ്പോർട്ട് ആവശ്യപ്പെട്ടതായി അറിയുന്നു. മാധ്യമങ്ങൾ പിന്തുടരുന്നത് കൊണ്ട് മാത്രമാണ് ജലന്തർ ബിഷപ്പിനെതിരായ അന്വേഷണം നടക്കുന്നത്. അന്വേഷണം ഒരു ഘട്ടത്തിൽ അവസാനിച്ചതാണ്. ബലാൽസംഗത്തിന് ഇരയായ കന്യാസ്ത്രിയെ വിശ്വസിക്കാൻ കഴിയില്ലെന്നതാണ് ആദ്യം ലഭിച്ച റിപ്പോർട്ട്. അത് വിമർശന വിധേയമായപ്പോഴാണ് അന്വേഷണ സംഘം ഡൽഹിയിലേക്ക് പോയത്.
https://www.facebook.com/Malayalivartha


























