കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ഏജന്റിനും നേരെ ആക്രമണം

വേങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 16ല്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റിനും നേരെ ആക്രമണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ഷീനയെയും അവരുടെ ഏജന്റായ നരേന്ദ്രബാബു മാസ്റ്ററെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും കെഎസ്എസ്പിഎ നേതാവുമായ റിട്ട. അധ്യാപകനാണ് പരിക്കേറ്റ നരേന്ദ്രബാബു മാസ്റ്റര്‍. അദ്ദേഹം നടത്തുന്ന മമ്പറത്തെ ജനസേവന കേന്ദ്രത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ജനസേവന കേന്ദ്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടു. ദൃശ്യങ്ങളില്‍, ഒരു കൂട്ടം ആളുകള്‍ സ്ഥാപനത്തിനുള്ളിലേക്ക് കയറിവരുന്നതും ഇരുവരെയും മര്‍ദിക്കുന്നതും വ്യക്തമാണ്.
സ്ഥാനാര്‍ഥിയായ സ്ത്രീയെയും പ്രായമായ തിരഞ്ഞെടുപ്പ് ഏജന്റിനെയും ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്നും, ഇത് അത്യന്തം ഗൗരവകരമായ വിഷയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം വാര്‍ഡ് ഉള്‍പ്പെടുന്ന പഞ്ചായത്തില്‍, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുനേരെ നടന്ന ആക്രമണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























