എയിംസ്: കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ; ശക്തമായ പ്രതിഷേധം അറിയിക്കും

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയെ നേരില്‍ കണ്ടപ്പോള്‍ എയിംസ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. എയിസിന്റെ കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 2018 ജൂലായ് 23-ാം തീയതി കത്ത് മുഖേനയും ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള ചുവടുമാറ്റം കേരളത്തോട് കാട്ടുന്ന കടുത്ത വിവേചനമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു സര്‍ക്കാരുമിത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മോഡല്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്ന് 2003 ലെ കേന്ദ്ര സര്‍ക്കാരിന്റെ കാലത്താണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് കേരളത്തിലെ വിവിധ സര്‍ക്കാരുകള്‍ എയിംസിനായി ശ്രമിച്ചിരുന്നു. ഇതിനായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ എയിംസ് സ്ഥാപിക്കാന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സംഘത്തെ അയക്കാനോ മറുപടി നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 2014ല്‍ നാലും 2015ല്‍ ഏഴും 2017ല്‍ രണ്ടും എയിംസുകള്‍ നല്‍കിയിരുന്നു. 2018ല്‍ തമിഴ്‌നാടിനും തെലുങ്കാനയ്ക്കും എയിംസ് പ്രഖ്യാപിച്ചെങ്കിലും ആരോഗ്യ രംഗത്ത് ഒന്നാമതുള്ള കേരളത്തെ മാത്രം പരിഗണിച്ചില്ല. ഇതെല്ലാം ബോധ്യപ്പെടുത്താനാണ് കഴിഞ്ഞതവണ കേന്ദ്ര മന്ത്രിയെ കണ്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അത് കേരളത്തിന് നല്‍കിയ ഉറപ്പാണ്. ആ ഉറപ്പിന്റെ ലംഘനം കേരളീയരോടുള്ള അവഹേളനമാണെന്നും കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























