വോട്ട് പിടിക്കാനുള്ള പുതിയ തന്ത്രം ; അമിത് ഷാ, മഹേന്ദ്രസിങ് ധോണിയുമായി കൂടിക്കാഴ്ച നടത്തി ; രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ടു പിന്തുണയഭ്യർഥിക്കാനൊരുങ്ങി ബിജെപി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിൽ കണ്ട് പിന്തുണയഭ്യർഥിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ഞായറാഴ്ച ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രി പിയുഷ് ഗോയൽ ഉൾപ്പെടെ മുതിർന്ന നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
‘സമ്പർക്ക് ഫോർ സമർഥൻ’ പദ്ധതിയുടെ ഭാഗമായി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ എം.എസ്. ധോണിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നാലു വർഷ കാലയളവിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം നേതൃത്വം നൽകുന്ന ബിജെപി സർക്കാരും രാജ്യത്തിനായി ചെയ്ത സമാനതകളില്ലാത്ത സേവനങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു എന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു.
വ്യവസായി രത്തൻ ടാറ്റ, ബോളിവുഡ് താരം മാധുരി ദീക്ഷിത് എന്നിവരുമായി ഷാ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘സമ്പർക്ക് ഫോർ സമർഥൻ’ എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ടു പിന്തുണയഭ്യർഥിക്കാൻ ബിജെപി മുൻകയ്യെടുക്കുന്നത്.
https://www.facebook.com/Malayalivartha


























