അദാനി പറഞ്ഞ 1000 ദിവസം വെറുംവാക്കായി...കൗണ്‍ഡൗണ്‍ തീരുന്ന ദിവസം നാളെ; സമയം നീട്ടിച്ചോദിച്ച് അദാനി ഗ്രൂപ്പ്: പഴി പറയുന്നത് സര്‍ക്കാരിനെയും ഓഖിയെയും: പണികള്‍ പാതിവഴിയില്‍പ്പോലും എത്താതെ ഇഴയുന്നു

വിഴിഞ്ഞത്ത് കപ്പലടുക്കുന്നത് കാണാന്‍ അനന്തമായി കാത്തിരിക്കേണ്ടിവരും. കാരണം പണി പകുതിപോലുമായില്ല. 2015 ഡിസംബര്‍ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് പറഞ്ഞ ദിനങ്ങള്‍ അവസാനിക്കാനിരിക്കെ കാലാവധി നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. 1000 ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ വാക്കുകള്‍ തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കാലാവധി നീട്ടി ചോദിച്ച് ഗ്രൂപ്പ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 998 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കരാര്‍ അനുസരിച്ച് ആദ്യഘട്ട പൂര്‍ത്തീകരണം നടക്കില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ കാലാവധി നീട്ടി നല്‍കാന്‍ അവര്‍ സര്‍ക്കാരിനെ സമീപിച്ചുണ്ട്. എന്നാല്‍ കാലവര്‍ഷവും ഓഖിയും എത്തിയതോടെ തുറമുഖ നിര്‍മ്മാണപ്രവര്‍ത്തികള്‍ മെല്ലെപ്പോക്കായി. ഒപ്പം കരിങ്കല്‍ ലഭ്യത കുറഞ്ഞതോടെ ആയിരം ദിനം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന കരാറുകാരുടെ വാക്ക് വെറും വാക്കായി മാറുകയായിരുന്നു. സെപ്തംബര്‍ ഒന്നിനാണ് ആയിരം ദിനങ്ങള്‍ തികയുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ടെര്‍മിനല്‍ നിര്‍മ്മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങള്‍, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കും. രണ്ടാം ഘട്ടത്തില്‍ എഴുന്നുറോളം മീറ്റര്‍ തുറമുഖത്തിന്റെ വികാസം വര്‍ധിപ്പിക്കലാണ്. മൂന്നാം ഘട്ടത്തില്‍ ഹാര്‍ബര്‍ ഏരിയ വികസന പദ്ധതികള്‍, ബ്രേക്ക് വാട്ടര്‍ നിര്‍മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയായിരുന്നു തുറമുഖ നിര്‍മ്മാണ പദ്ധതിക്ക് രൂപം നല്‍കിയത്. ആദ്യ ഘട്ടത്തിലെ 40 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്.
ബര്‍ത്ത് നിര്‍മ്മാണത്തോടനുബന്ധിച്ച പൈലിംഗ് ജോലികളും വേഗത്തിലാണ്. ബര്‍ത്ത് നിര്‍മാണത്തിന്റെ പൈലിംഗ് ജോലികള്‍ പകുതിയിലധികം പൂര്‍ത്തിയായി. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും മുതലപ്പൊഴിയില്‍ എത്തിക്കുന്ന കല്ല് ബാര്‍ജ് വഴി വിഴിഞ്ഞത്ത് എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുത സബ് സ്‌റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നു. റെയില്‍ പാത നിര്‍മ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
പദ്ധതി നിര്‍വഹണത്തിന് വേഗത കൂട്ടുന്നതിനായി തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളില്‍ നിന്നും കരിങ്കല്ലുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ക്വാറികള്‍ക്കുള്ള എന്‍ ഒ സി ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. കരിങ്കല്ല് ഇല്ലാത്തതിനാല്‍ പുലിമുട്ട് നിര്‍മ്മാണം നിലച്ചിരിക്കുകയാണ് എന്നാല്‍ അനുബന്ധ ജോലികള്‍ നടക്കുന്നു.
ആദ്യഘട്ടം 2015-19 ലും രണ്ടാം ഘട്ടം 2024-27 ലും മൂന്നാം ഘട്ടം 2034-37 ലുമായാണ് നടപ്പിലാക്കുന്നത്. കണ്ടെയ്‌നര്‍ യാര്‍ഡ്, കാര്‍ഗോ നിയന്ത്രണ ഉപകരണങ്ങള്‍, തുറമുഖ തൊഴില്‍, നാവിക സേനാ സന്നാഹം, വര്‍ക്ക്‌ഷോപ്പുകള്‍, അഗ്‌നിശമനാ സേന ഓഫീസ്, ജല, വൈദ്യുത സംവിധാനങ്ങള്‍, റോഡ്, റെയില്‍വേ എന്നിവയുടെ നിര്‍മ്മാണം, തൊഴിലാളികളുടെ താമസസ്ഥലം, ജലസംരക്ഷണ പദ്ധതികള്‍, പരിസര മലിനീകരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ചരക്ക് നീക്കത്തിനുള്ള വേ ബ്രിഡ്ജുകള്‍ തുടങ്ങിയ നടക്കുന്നുണ്ട്. പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായതാണ് പദ്ധതിക്ക് വന്‍ തിരിച്ചടിയായത്. കല്ലുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഓഖിക്ക് പിന്നാലെ പ്രളയദുരന്തം കൂടി എത്തിയതോടെ പണികള്‍ അനന്തമായി നീളാനാണ് സാധ്യത.
https://www.facebook.com/Malayalivartha























