സംസ്ഥാനവ്യാപകമായി കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന സര്‍വിസില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വെട്ടിച്ചുരുക്കും, ഈ മാസം 9 മുതല്‍ എല്ലാ ഷെഡ്യൂളും സിംഗിള്‍ ഡ്യൂട്ടിയായി മാറും

ഷെഡ്യൂള്‍ പുനഃക്രമീകരണത്തെതുടര്‍ന്ന് സംസ്ഥാനവ്യാപകമായി കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന സര്‍വിസില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വെട്ടിച്ചുരുക്കും. ഇതോടെ ദിനേന 17 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നത് 16 ലക്ഷമാകും. എല്ലാ ഷെഡ്യൂളും സിംഗിള്‍ ഡ്യൂട്ടിയായി മാറുന്നതോടെയാണ് ഈ കുറവുണ്ടാവുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
4700- 5000വരെ ബസുകള്‍ വിന്യസിച്ചാണ് ഇപ്പോള്‍ 17 ലക്ഷം കിലോമീറ്റര്‍ ഓടിയെത്തുന്നത്. എണ്ണം കുറച്ചാലും പ്രതിദിനം ശരാശരി 6.4 കോടി വരുമാനമുണ്ട്. ഈ സാഹചര്യത്തിലാണ് ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് കിലോമീറ്റര്‍ ചുരുക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി വരുന്നതോടെ ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടും. രാവിലെ ആറിന് തുടങ്ങി തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ ഓടി ഡ്യൂട്ടി അവസാനിപ്പിക്കുന്നതിന് പകരം യാത്രക്കാര്‍ ഏറെയുള്ള രാവിലെയും വൈകുന്നേരങ്ങളിലുമായി സര്‍വിസ് കേന്ദ്രീകരിക്കും.
ആളുകളെ കിട്ടാത്ത ഉച്ചനേരങ്ങളില്‍ ബസ് നിര്‍ത്തിയിടും. ഈ സമയം ഡ്യൂട്ടിയായി പരിഗണിക്കില്ല. ശേഷിക്കുന്ന സമയം അടിസ്ഥാനപ്പെടുത്തിയാണ് എട്ടുമണിക്കൂര്‍ ഡ്യൂട്ടി കണക്കാക്കുക. ഇതോടെ കൂടുതല്‍ കിലോമീറ്റര്‍ ഓടുന്നത് അവസാനിപ്പിക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍. ഒമ്പത് മുതലാണ് ഓര്‍ഡിനറി സര്‍വിസില്‍ സിംഗിള്‍ ഡ്യൂട്ടി പ്രാബല്യത്തില്‍ വരിക. ഇതോടെ എല്ലാ ദിവസവും ജീവനക്കാര്‍ ജോലിക്കെത്തേണ്ടിവരും.
ബസുകള്‍ കുറയുന്നതോടെ ഉച്ചക്ക് യാത്ര ദുഷ്‌കരമാകുമെന്നും ആരോപണമുണ്ട്; ദേശസാത്കൃത റൂട്ടില്‍ വിശേഷിച്ചും. യാത്രാക്ലേശം ചൂണ്ടിക്കാട്ടി പെര്‍മിറ്റ് നേടി കൂടുതല്‍ സ്വകാര്യബസുകളെത്താനും സാധ്യതയുണ്ട്. ഡിപ്പോകള്‍ക്ക് അനുവദിക്കുന്ന ഡീസല്‍ വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















