വൈക്കം ഡിവൈഎസ്പി ഇടഞ്ഞു കാര്യങ്ങള്‍ വേഗത്തിലാക്കി പോലീസ്: ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് നല്‍കും

മൊഴികളില്‍ വ്യത്യാസം ഉള്ളതിനാല്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ജലന്ധര്‍ ബിഷപ്പിന് അന്വേഷണ സംഘം നോട്ടീസ് നല്‍കും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കുക. നേരത്തെ ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്പിക്കും ഡിവൈഎസ്പിക്കും കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജയ്‌സാക്കറെ ഇന്ന് ഡി ജി പിയുമായി കൂടിക്കാഴ്ച നടത്തും.
കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനെന്നാരോപിക്കപ്പെട്ട ഷോബി ജോര്‍ജിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷോബിയുടെ മൊഴി. ജലന്ധറില്‍ പോയിട്ടില്ലെന്നും വാഹനം വാങ്ങാന്‍ ഒരിക്കല്‍ പഞ്ചാബില്‍ പോയിരുന്നതായും ഷോബി പറഞ്ഞു. ഇതു പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉടന്‍ ബിഷപ് അറിയുന്നതില്‍ അന്വേഷണസംഘം അസംതൃപ്തരാണ്. ഇക്കാര്യത്തില്‍ നടപടി വേണമെന്നും സംഘം ഇന്നു പോലീസ് നേതൃത്വത്തോട് ആവശ്യപ്പെടും. തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നത് പോലീസിനെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ സ്ഥാനം ഒഴിയാന്‍ ഡിവൈഎസ്പി തയ്യാറായതായും റിപ്പോര്‍ട്ടുണ്ട്.
അദ്ദേഹം വരില്ലെങ്കില്‍മാത്രമെ അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്കു പോകൂ. കഴിഞ്ഞ 13നു ചോദ്യംചെയ്തപ്പോള്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴി പൂര്‍ണമായും കളവാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതു തെളിയിക്കാന്‍ മതിയായ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. െലെംഗികപീഡനം സംബന്ധിച്ച് കന്യാസ്ത്രീ നല്‍കിയ മൊഴി പ്രകാരമുള്ള തെളിവുകളും ശേഖരിച്ചു. മൂന്നു ഘട്ടങ്ങളിലായി മൂന്നുതവണ കന്യാസ്ത്രീയുടെ മൊഴിയെടുക്കല്‍ പോലീസ് നടത്തിയിരുന്നു.
കന്യാസ്ത്രീ ചങ്ങനാശേരി സി.ജെ.എം. കോടതിയില്‍ കൊടുത്ത മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുപതോളം തെളിവുകള്‍ ബിഷപ്പിന് എതിരാണെന്ന് പോലീസ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിലേക്കു കടക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















