ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പി.യ്ക്ക് കത്ത് നല്‍കി

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി. പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച സമയത്താണ് ആരോഗ്യവകുപ്പിനെതിരെ തിരിഞ്ഞ് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയത്. എലിപ്പനി ബാധിച്ച് 26 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ 200 എം.ജി കഴിക്കണമെന്നും കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും ഗുളിക കഴിക്കണമെന്നും പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതു കഴിക്കരുതെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകാരികളാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.
ഇതൊരു ആന്റിബയോട്ടിക്കാണെന്നാണ് പറയുന്നത്. ആന്റിബയോട്ടിക്് കഴിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന വരെ പറഞ്ഞിട്ടുണ്ട്. ഇതു കഴിക്കുന്ന വഴി ബാക്ടീരിയകള്‍, വൈറസുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും മറ്റ് മരുന്നുകളൊന്നും ഏല്‍ക്കാത്ത തരത്തില്‍ ശരീരത്തെ മാറ്റുകയുമാണ് ചെയ്യുക. ഇത്തരത്തിലാണ് ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുക എന്നാണ് ശാസ്ത്രജ്ഞരും ഗവേഷകരും പറയുന്നതെന്ന് വടക്കാഞ്ചേരി ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha






















