ഇനി അങ്ങനെയൊരു പൂതി ഉണ്ടെങ്കില്‍ തന്നെ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ വിദേശരാജ്യ പണപ്പിരിവ് സര്‍ക്കീട്ട്? സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍ സഹായിക്കുന്നുണ്ട്! സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യു

മന്ത്രിമാര്‍ ധനസമാഹരണത്തിനായി വിദേശത്ത് പോകുന്നതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. വിഭവസമാഹരണത്തിന്‍റെ ഭാഗമായി പ്രവാസി മലയാളികള്‍ ഏറെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തുമെന്ന് പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും . യു.എ.ഇ., ഒമാന്‍, ബഹ്റിന്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്ത്രേലിയ, ന്യൂസിലന്‍റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഈ പ്രസ്താവനയെ വിമർശിച്ചാണ് നടന്‍ ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. ‘എന്തിന്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:
എന്തിന്?
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ? വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് എഴുന്നള്ളാതെ തന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍ പിന്നിലല്ല. പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട്?
ഇനി അങ്ങനെയൊരു പൂതി ഉണ്ടെങ്കില്‍ തന്നെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നവര്‍ വിദേശരാജ്യപണപ്പിരിവ് സര്‍ക്കീട്ടുകളില്‍ പ്രതിപക്ഷത്തിലുള്ളവരെ കൂടി ഉള്‍പ്പെടുത്തി നവകേരള സൃഷ്ടിയില്‍ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത്?
ഇനി ജനങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ പോകും എന്നുതന്നെയാണ് വാശിയെങ്കില്‍, ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളില്‍ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങള്‍ എങ്ങനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിര്‍വഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.
https://www.facebook.com/Malayalivartha






















