വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ല, നാശനഷ്ടങ്ങളുടെ അന്തിമ കണക്ക് സംസ്ഥാനം സമര്‍പ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കും - വി. മുരളീധരന്‍ എം.പി

പ്രളയത്തിന് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വിഭവസമാഹരണത്തിനെന്ന പേരിലുള്ള മന്ത്രിമാരുടെ വിദേശയാത്ര അനാവശ്യമാണെന്ന് വി മുരളീധരന്‍ എംപി ആരോപിച്ചു. പ്രളയ ദുരിതാശ്വാസ നിധി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ ശബരിമലയിലെ തീര്‍ത്ഥാടനത്തിന് നിയന്ത്രണം ആവശ്യമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാനം പുനര്‍ചിന്തനം നടത്തേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള പുനര്‍നിര്‍മാണത്തിന് സഹായങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ സഹായം സ്വീകരിക്കാന്‍ മന്ത്രിമാര്‍ തന്നെ വിദേശയാത്ര നടത്തുന്നതില്‍ അപാകതകളുണ്ട്. ഇത് അനാവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംപി. ദുരന്തകാരണമെന്തെന്ന് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണം.
ആലപ്പുഴയില്‍ കായല്‍ റിസോര്‍ട്ടുകളുടെ കടന്നുകയറ്റമാണ് പ്രളയം രൂക്ഷമാകാന്‍ കാരണം. മലപ്പുറം വയനാട് എന്നിവിടങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ദുരന്തത്തിന് കാരണമായിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
യുഎഇ 700 കോടി അനുവദിച്ചുവെന്ന തരത്തില്‍ വ്യവസായ പ്രമുഖന്‍ പറഞ്ഞ കാര്യം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും നാശനഷ്ടങ്ങളുടെ അന്തിമ കണക്ക് സംസ്ഥാനം സമര്‍പ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കപ്പെടുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















