തദ്ദേശ വകുപ്പിന് കീഴിലെ റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മ്മാണത്തിന് മാത്രമായി 1300 കോടി രൂപ ആവശ്യം; കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിന് മന്ത്രി എസി മൊയ്തീന്റെ കത്ത്

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി തദ്ദേശ വകുപ്പിന് കീഴിലെ റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മ്മാണത്തിന് മാത്രമായി 1300 കോടി രൂപ ആവശ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍.
ഇതിൻപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിന് മന്ത്രി എസി മൊയ്തീന്‍ കത്തയച്ചു.
സംസ്ഥാനത്ത് 5,80,502 കുടുംബങ്ങളാണ് പ്രളയത്തിന്റെ പിടിയിൽ ദുരിതത്തിലായത്. 12,477 വീടുകള്‍ പൂര്‍ണ്ണമായും, 82,853 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതിൽ ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. തൃശ്ശൂരില്‍ 3461ഉം, പാലക്കാട് 1838ഉം, എറണാകുളത്ത് 1546 വീടുകളും പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന വീടുകളുടെ പുനര്‍ നവീകരണത്തിനായി 498.94 കോടി രൂപയാണ് ആവശ്യം.
എന്നാൽ നിലവില്‍ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന ധനസഹായം പരിമിതമാണ്. നിലവിലെ സ്ഥിതിയനുസരിച്ച് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. 4 ലക്ഷം രൂപ വീതമാണ് തകര്‍ന്ന വീടുകള്‍ക്ക് ധനസഹായം കണക്കാക്കിയിട്ടുള്ളത്.
ഇൗ സാഹചര്യത്തിലാണ് വകുപ്പിന് കീഴിലെ റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മ്മാണത്തിന് 1300 കോടി രൂപ ആവശ്യപ്പെട്ട് മന്ത്രി എ.സി മൊയ്തീന്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തൊമാറിന് കത്തയച്ചത്.
അതേസമയം സംസ്ഥാനത്തെ 2983.67 കിലോമീറ്റര്‍ നീളത്തിലുള്ള 1895 ഗ്രാമീണ റോഡുകളും കെടുതിയിൽ തകര്‍ന്നു. പാലക്കാട് ജില്ലയില്‍ 469 കിലോമീറ്റര്‍ റോഡും, ഇടുക്കിയില്‍ 283.24 കിലോമീറ്ററും, എറണാകുളത്ത് 211.24 കിലോമീറ്ററും കണ്ണൂര്‍ , വയനാട് ജില്ലകളിലായി 267, 212 കിലോമീറ്ററും റോഡ് തകര്‍ന്നു.
ഈ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ്‍ സഢക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 793.23 കോടി രൂപ റോഡ് നവീകരണത്തിന് പ്രത്യേക ധനസഹായം കേന്ദ്രം നല്‍കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായി എത്തിയ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും മന്ത്രി എ.സി മൊയ്തീന്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടും. മുൻ കാലങ്ങളിൽ പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇത്തത്തിലൊരു കത്ത് അയച്ചത്.


https://www.facebook.com/Malayalivartha






















