ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു; ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു

ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. നെടുമുടി നടുഭാഗം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. അദ്ദേഹത്തിന് കാര്യമായ പൊള്ളലേറ്റിട്ടില്ലെന്നാണ് പ്രാഥമികവിവരം. 6.45 ഓടെയായിരുന്നു അപകടം.
ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മോഹനന്‍ നായര്‍. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. ശ്വാസതടസമുള്ളതിനാല്‍ ആംബുലന്‍സില്‍ കയറ്റിയതിനു ശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിച്ചു. ഈ സമയത്ത് ആംബുലന്‍സിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാവുകയും തീപിടിക്കുകയുമായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ മോഹനന്‍ നായരെ രക്ഷപ്പെടുത്തുകയും മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന് ശ്വാസതടസ്സം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലന്‍സില്‍ രോഗിക്കൊപ്പം ഉണ്ടായിരുന്ന നഴ്‌സിനു ഗുരുതര പരിക്കേറ്റതായാണ് സൂചന. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ രണ്ടുവാഹനങ്ങള്‍ക്കും തീപിടിച്ചു.
https://www.facebook.com/Malayalivartha
























