എന്തിനും ഏതിനും അഭിപ്രായം പറയുകയും കേസെടുക്കുകയും ചെയ്യുന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ഇപ്പോഴത്തെ മൗനം ചര്‍ച്ചയാകുന്നു; സംസ്ഥാന വനിതാ കമ്മീഷനെ ഞെട്ടിച്ച് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; സംസ്ഥാന വനിതാ കമ്മീഷന് മിണ്ടാട്ടം മുട്ടുമ്പോള്‍ കേരളത്തില്‍ വന്ന് തെളിവെടുത്ത് സ്‌കോര്‍ ചെയ്യാന്‍ രേഖാ ശര്‍മ്മ

ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും വനിതകളുടെ നീതി ഉറപ്പാക്കാനുള്ള ജ്യുഡീഷ്യല്‍ അധികാരമുള്ള കമ്മീഷനുകളാണ്. പക്ഷെ ഇവരുടെ വ്യത്യസ്ഥ നിലപാടുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണവും അങ്ങനെ തന്നെ. പാര്‍ട്ടിക്കാരനായ എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന അധ്യക്ഷ ജോസഫൈന്‍ മിണ്ടാതിരുന്നപ്പോള്‍ ബിജെപിയുടെ നോമിനിയായ ദേശിയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കൊഴുപ്പിക്കാന്‍ രംഗത്തെത്തി.
പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ദേശിയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.
അതേസമയം ശശിയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞിരുന്നത്. പി കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ കമ്മീഷന്‍ അന്വേഷിക്കും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്, കേസില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി.
ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























