കൊലയാളിയെ കാണാമറയത്ത് നിര്‍ത്തി പോലീസിന്റെ ഒളിച്ചുകളി: അഭിമന്യു വധത്തില്‍ നാലു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം; കുത്തി വീഴ്ത്തിയത് ആരെന്ന് അറിയാതെ പൊലീസ്

അഭിമന്യു കൊലക്കേസില്‍ പോലീസ് വന്‍ പരാജയം. യഥാര്‍ത്ഥ കൊലയാളിയെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയിലൂടെ കൊലയാളിയിലേക്ക് എത്താമെന്നായിരുന്നു പൊലീസ് നിഗമനം. ഇതിനിടെയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.
ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 ഓടെയാണ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്ക്യാപംസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഒരാള്‍ പിന്നില്‍ നിന്ന് പിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തിക്കൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ സുഹൃത്തുക്കള്‍ പറയുന്നത്.
അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ പീലാക്കല്‍ സൈന്‍ വീട്ടില്‍ കെ.കെ ഷാനവാസ്(34), മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പില്‍ നജീബ്(34), പനയപ്പിള്ളി തേവലിക്കല്‍ ടി.എന്‍ ജെഫ്രിന്‍(27), ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി തലശ്ശേരി സ്വദേശി മുഹമ്മദ് റിഫ എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൊലക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചതായി പറയുന്നുണ്ടെങ്കിലും കൊലയാളി ആരെന്ന് കോടതിയിലും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഈ മാസം അവസാനത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മുഖ്യ പ്രതിയായ ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതി കൃത്യം നിര്‍വ്വഹിച്ച മറ്റ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു.
കൊലയാളി സംഘത്തെ നയിച്ച പള്ളാത്തുരുത്തി സ്വദേശി പി.എച്ച് സനീഷ്, മുഹമ്മദ് റിഫ എന്നിവരിലൂടെ പ്രധാന പ്രതികളിലേക്ക് എത്താമെന്നായിരുന്നു പൊലീസ് നിഗമനം. ഇതിനിടെയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത്.
രണ്ടാള്‍ ഉറപ്പിലും അന്വേഷണവുമായി സഹകരിക്കാമെന്ന നിബന്ധനകളോടെയുമാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ജാമ്യം.നിലവില്‍ 26 പേരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 17 പേരെ പിടികൂടി. ആറ് പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
https://www.facebook.com/Malayalivartha























