സമരക്കാരെ നേരിടാൻ പമ്പയിലും, നിലയ്ക്കലിലും നിരോധനാജ്ഞ പുറപ്പെടുവിക്കാൻ നീക്കം; തുലാമാസ പൂജയ്ക്ക് പത്ത് ദിവസം മാത്രം ശേഷിക്കെ ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയിൽ പോലീസ്: അയ്യപ്പന് വേണ്ടി തെരുവിലിറങ്ങാൻ സിനിമാതാരങ്ങളും ഒന്നിക്കുന്നു...

ചെങ്ങന്നൂരിൽ നിന്ന് അടുത്ത ദിവസം ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ സിനിമാ താരങ്ങളും അണിനിരക്കുമെന്ന് റിപ്പോർട്ടുകൾ. തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും ശബരിമലയുമായി ബന്ധപ്പെടുന്ന മറ്റുള്ളവരും ചേർന്ന് ചെങ്ങന്നൂരിൽ നിന്ന് നിലയ്ക്കലിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് നടൻ ദേവൻ, ശ്രീഅയ്യപ്പൻ സിരിയലിൽ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബു, കൊല്ലം തുളസി തുടങ്ങി സിനിമാ - സീരിയൽ രംഗത്തെ പ്രമുഖർ എത്തുമെന്ന് അറിയുന്നത്. യാത്രയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് വിവരം.
അതേ സമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരക്കാരെ നേരിടാൻ പമ്പയിലും നിലയ്ക്കലിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പ്രതിഷേധം നിലയ്ക്കലിൽ കേന്ദ്രീകരിച്ചതോടെയാണ് ഈ നീക്കം. തുലാമാസ പൂജയ്ക്ക് പത്ത് ദിവസം മാത്രം ശേഷിക്കെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പ്രതിഷേധക്കാരെ നേരിടാനുള്ള നടപടി അധികൃതർ ആലോചിക്കുന്നത്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.
ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ പർണശാല കെട്ടി താമസം തുടങ്ങിയാണ് പ്രതിഷേധം. ഇവിടേക്ക് അയ്യപ്പഭക്തരായ പ്രതിഷേധക്കാർ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 144 (നിരോധനാജ്ഞ) പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നത്. മാസപൂജയ്ക്ക് മുൻപായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചെങ്കിലും അടിയന്തര സാഹചര്യത്തിൽ സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കാൻ അറുപതംഗ സംഘത്തെ സുസജ്ജമാക്കും.
സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് തന്ത്രി ഉൾപ്പെടെ എതിർത്ത സാഹചര്യത്തിലാണ് പൊലീസ്, നീക്കത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ പമ്പയിൽ കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. ഇന്ന് ഡി.ജി.പി ദേവസ്വം ബോർഡ് അംഗങ്ങളുമായി ചർച്ച നടത്തും.
https://www.facebook.com/Malayalivartha
























