നാമജപ യാത്രയെ പ്രതിരോധിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഇറക്കി സി.പി.എം നടത്തിയ സ്ത്രീ അവകാശ സംരക്ഷണ സംഗമം തുടക്കത്തിലേ പാളി... പാര്‍ട്ടി വേറെ ഭക്തി വേറേ, ഞങ്ങളാരും മലകയറാനില്ലെന്ന് സാധാരണ വനിതാ സഖാക്കളും കുടുംബശ്രീ ചേച്ചിമാരും

ശബരിമല യുവതീ പ്രവേശനത്തില്‍ എന്‍.എസ്.എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളും ബി.ജെ.പിയും നാമജപവുമായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന ഘട്ടത്തില്‍ സി.പി.എം നടത്തിയ പ്രതിരോധ നീക്കം പാളി. ശബരിമലയില്‍ വിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള കുത്സിതനീക്കങ്ങള്‍ക്കെതിരെയാണ് ഇന്ന് സി.പി.എം സ്ത്രീ അവകാശ സംരക്ഷണ സംഗമം നടത്തിയത്.
രാവിലെ 10ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപം നടത്തിയ പരിപാടി പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരെയും പാര്‍ട്ടി കുടുംബങ്ങളിലെ വനിതകളെയും പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പല വനിതകളും പരിപാടിയുമായി സഹകരിച്ചില്ല. വിശ്വാസം വേറെ, പാര്‍ട്ടി വേറെ എന്ന നിലപാടിലാണവര്‍. തങ്ങളാരും ശബരിമല കയറില്ലെന്നും ഇവര്‍ വ്യക്തമാക്കി. ചിലര്‍ മനസില്ലാമനസോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. പത്തനംതിട്ട അടക്കമുള്ള മധ്യതിരുവിതാംകൂറില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് കോടതിവിധിക്കെതിരെ നാമജപയാത്രയുമായി തെരുവിലിറങ്ങുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് ജില്ലകള്‍ തോറും മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സി.പി.എം സ്ത്രീ അവകാശ സംരക്ഷണ സംഗമം നടത്താന്‍ തീരുമാനിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച് വിശ്വാസികളെ തെരുവിലിറക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തീവ്രശ്രമമാണ് നടത്തുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളൊന്നും ജനമധ്യത്തില്‍ വിലപ്പോവുന്നില്ലെന്ന് കണ്ടപ്പോള്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള അടവായാണ് സുപ്രീംകോടതി വിധിയെ ഇവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും വനിതകളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുകയാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യം. എന്നാലത് തുടക്കത്തിലേ പാളിയതിനാല്‍ ഇനി അടുത്ത നീക്കമെന്താണെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha




















