ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ മുതലെടുപ്പിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന കോടതി വിധിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ മുതലെടുപ്പിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമാധാനപരമായി നടന്ന ആദ്യ ഘട്ട പ്രതിഷേധങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയച്ചപ്പോള്‍ കണക്കുകള്‍ മാത്രമായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്നത്.
അടുത്ത ഘട്ടത്തിലേക്കുള്ള റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് മുതലെടുപ്പിനെ സംബന്ധിച്ച സംശയങ്ങള്‍ ഉയരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലെ കൂട്ടായ്മകളുടെ ആഹ്വാന പ്രകാരവും പലയിടത്തും പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ഇത് നുഴഞ്ഞു കയറ്റത്തിനും കുഴപ്പങ്ങള്‍ക്കും സാദ്ധ്യതയുണ്ടാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
പത്തനംതിട്ടയില്‍ ദേവസ്വം പ്രസിഡന്റിന്റെ വസതിയിലേക്ക് നടന്ന യുവമോര്‍ച്ച മാര്‍ച്ച് ഒഴികെ സംസ്ഥാനത്ത് വിവിധ അയ്യപ്പ സംഘടനകളുടെ പേരില്‍ നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരവും അച്ചടക്കം പുലര്‍ത്തുന്നതുമായിരുന്നു. ചില പ്രതിഷേധങ്ങള്‍ ഇനി വഴി തിരിഞ്ഞേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശങ്ക വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ക്കുമുണ്ട്. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സര്‍ക്കാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കും.
https://www.facebook.com/Malayalivartha




















