നിരോധിത മേഖലയില്‍ പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നു; തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനും പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. നിരോധിത മേഖലയില്‍ പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്നും പൊലീസ് വ്യക്തമാക്കി.
അന്യായമായി സംഘം ചേര്‍ന്നു, ഹൈക്കോടതി വിലക്ക് ലംഘിച്ച് നിരോധിത മേഖലയില്‍ മുദ്രാവാക്യം വിളിച്ചു, പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു എന്നിവയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും പൊലീസിന് നിർദേശം. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
അതിനിടെ നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ബുധനാഴ്ച നെയ്യാറ്റിന്‍കര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് ആറ് കേസുകള്‍ കൂടി ഉള്ളതിനാല്‍ പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇതിനിടയിലാണ് പോലീസ് മറ്റൊരു കേസ് കൂടി ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























