ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കേരളവും ബീഹാറും വേഗം തീര്‍ക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി

കേരളത്തിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നിയമനിര്‍മാണ സഭകളിലെ മുന്‍ സാമാജികര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍ക്കണമെന്ന് സുപ്രീംകോടതി കേരള ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. നേതാക്കള്‍ക്കെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന ബിഹാറിലും സമാന നടപടിക്ക് പട്‌ന ഹൈക്കോടതിയോടും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ, ജനപ്രതിനിധികള്‍ക്കും ജുഡീഷ്യറിയിലുള്ളവര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എതിരായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുന്നതിനുപകരം ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വിവിധ സെഷന്‍സ് കോടതികള്‍ക്കും മജിസ്‌ട്രേറ്റ് കോടതികള്‍ക്കും ഹൈക്കോടതി വീതിച്ചുനല്‍കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.പ്രത്യേക കോടതികളുണ്ടാക്കി എല്ലാ കേസുകളും അവിടെ കെട്ടിക്കിടക്കുന്നതിനേക്കാള്‍ പ്രയോജന പ്രദമാകുക ഈ രീതിയായിരിക്കുമെന്ന് സുപ്രീംകോടതി തുടര്‍ന്നു.
കേരളത്തിലെയും ബിഹാറിലെയും സാമാജികര്‍ക്കും മുന്‍ സാമാജികര്‍ക്കും എതിരായ കേസുകളില്‍ ഈ വിധി ബാധകമാണ്. അതിനാല്‍, കേരളത്തിലും ബിഹാറിലും പ്രത്യേക കോടതികളിലേക്ക് മാറ്റിയ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തിരിച്ചെടുത്ത് അവ വ്യത്യസ്ത കോടതികള്‍ക്കായി വീതിച്ചു നല്‍കണമെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.
കേരളത്തിലെയും ബിഹാറിലെയും ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ ഇതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണം. സുപ്രീംകോടതിയുടെ മറ്റൊരുത്തരവ് വരുന്നതുവരെ ജനപ്രതിനിധികളുടെ വിചാരണക്കായി ഒരുക്കിയ പ്രത്യേക കോടതികള്‍ നടപടികളുമായി മുന്നോട്ടുപോകണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























