സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...

പാലാ ലിസ്യു കാര്‍മലിറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ അമല(69)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍ ജഡ്ജി കെ. കമലേഷാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. കാസര്‍ഗോഡ് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു(സതീഷ് നായര്‍38)വാണ് കേസിലെ പ്രതി. ശിക്ഷാവിധി നാളെയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2015 സെപ്റ്റംബര്‍ 16ന് അര്‍ധരാത്രിയാണു പ്രതി മഠത്തില്‍ അതിക്രമിച്ചു കയറി കൈത്തൂമ്പകൊണ്ടു സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അന്നത്തെ പാലാ ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയെ ഹരിദ്വാറില്‍നിന്നും പിടികൂടുകയായിരുന്നു.
നിലവില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. 2015ല്‍ ഭരണങ്ങാനം അസീസി കോണ്‍വന്റില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചുവരുന്നത്. കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോര്‍ജ് പോത്തനാണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
https://www.facebook.com/Malayalivartha
























