കണ്ണന്താനം ക്രിസ്മസ് സന്ദേശമയക്കുന്ന തിരക്കിലാണ് ; ക്രിസ്മസും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യത്തെ എല്ലാ ബിഷപ്പുമാര്‍ക്കും ക്രിസ്മസ് സന്ദേശമയച്ചു

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യത്തെ എല്ലാ ബിഷപ്പുമാര്‍ക്കും ക്രിസ്മസ് സന്ദേശമയച്ചു. രാജ്യത്തെ 300 -ളം ബിഷപ്പുമാര്‍ക്ക് മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം വിവരിച്ച് കണ്ണന്താനം ക്രിസ്മസ് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്മസും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തിലാണ് കണ്ണന്താനം ബിഷപ്പുമാര്‍ക്ക് കത്തെഴുതുന്നത്. ക്രിസ്മസ് സന്ദേശമാണ് അയക്കുന്നതെങ്കിലും മോദി സര്‍ക്കാറിന്‍റെ വിവിധ ക്ഷേമ പദ്ധതികളെപ്പറ്റിയാണ് കത്തിൽ പ്രധാനമായും വിവരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന ഏത് കാര്യവും തനിക്ക് വേണ്ടി ചെയ്യുന്നതാണെന്ന ക്രിസ്തുവിന്‍റെ വചനം കണ്ണന്താനം കത്തില്‍ പറയുന്നു. തുടര്‍ന്ന് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് മോദി സര്‍ക്കാറെന്നും കണ്ണന്താനം വിവരിക്കുന്നു.
" സന്തോഷകരമായ ക്രിസ്മസ്, കർത്താവിൻറെ സമാധാനവും സന്തോഷവും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. മറ്റെല്ലാ കാലത്തേക്കാളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്, മതിലുകള്‍ പണിയരുത്. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ദരിദ്രർക്കുണ്ടായ ക്ഷേമപദ്ധതി എന്നിവയില്‍ സഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈയവസരത്തില്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു.
ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ടൂറിസം മന്ത്രിയായി ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ ഞാനേറെ അഭിമാനിക്കുന്നു. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഈയവസരത്തില്‍ പറയാന്‍ എന്നെ അനുവദിച്ചാലും." ഇങ്ങനെ പോകുന്നു കണ്ണന്താനത്തിന്‍റെ കത്ത്. സഭയ്‍ക്കെന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ഞാനത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് ആവശ്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാമെന്ന വാഗ്ദാനവും ബിഷപ്പുമാര്‍ക്കു മുന്നില്‍ വച്ചുകൊണ്ടാണ് കണ്ണന്താനത്തിന്‍റെ ക്രസ്മസ് സന്ദേശം അവസാനിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2022 ഓടെ വീടുകള്‍ നല്‍കും. 9.5 കോടി ശുചിമുറികള്‍, 5.8 കോടി പാചകവാതക കണക്ഷനുകള്‍, പാവപ്പെട്ടവര്‍ക്കുള്ള 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 39 കോടി ബാങ്ക് അക്കൗണ്ടുകള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, 2.63 കോടി വീടുകളില്‍ സൗജന്യ വൈദ്യുതി, 12 രൂപയ്ക്ക് 2 ലക്ഷം രൂപവരെ അപകട ഇന്‍ഷൂറന്‍സ്, 300 രൂപയ്ക്ക് എല്‍ഐസി പദ്ധതി എന്നി പദ്ധതികളെപ്പറ്റിയൊക്കെ കണ്ണന്താനം കത്തില്‍ എടുത്തു പറയുന്നു.
https://www.facebook.com/Malayalivartha






















