ഡ്രൈവര്‍ ഇറങ്ങി അപേക്ഷിച്ചിട്ടും ആംബുലന്‍സിന്റെ വഴിമുടക്കിയത് 20 മിനിറ്റ്! രോഗി മരിച്ചു; സ്വകാര്യബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ ശേഷം സ്വകാര്യ ബസ് ഡ്രൈവറിന്റെ ന്യായം ഇതായിരുന്നു, 'എനിക്കെന്റെ സമയം നോക്കേണ്ടേ..?' കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ രോഗി മരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. സമൂഹമാധ്യമങ്ങളിലും പുറത്തും ഇതിനെതിരെ വന്‍രോഷമാണ് ഉയരുന്നത്.
മനക്കൊടി ചേറ്റുപുഴ പാടത്ത്, വരിതെറ്റിച്ചെത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സ്വകാര്യ ബസാണ് ജീവന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയത്. ഇടശേരി പുഴങ്കരയില്ലത്ത് അബ്ദുല്‍ റഹിമാന്റെ ഭാര്യ ഐഷാബിയ്ക്ക് (67) വിഷജീവിയുടെ കടിയേറ്റിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആണ് കഴിഞ്ഞ ദിവസം ആംബുലന്‍സിനുള്ളില്‍ മരിച്ചത്.
തൃശൂര്‍ - കാഞ്ഞാണി റൂട്ടിലോടുന്ന മണിക്കുട്ടന്‍ എന്ന ബസ് വരിതെറ്റിച്ചെത്തി നടുറോഡില്‍ വിലങ്ങനെ നിര്‍ത്തി. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സ് അടക്കം ഒട്ടേറെ വാഹനങ്ങള്‍ കുരുക്കിലായി. 20 മിനിറ്റോളം ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും ബസ് പിന്നിലേക്ക് എടുക്കാനോ കുരുക്ക് നീക്കാനോ തയാറായില്ല.
പിന്നാലെ ആംബുലന്‍സിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി ബസ് ഡ്രൈവറോട് അപേക്ഷിച്ചിട്ടും ഇയാള്‍ ബസ് മാറ്റിക്കൊടുക്കാന്‍ തയാറായില്ല. 'എനിക്കെന്റെ സമയം നോക്കേണ്ടേ' എന്നായിരുന്നു ബസ് ഡ്രൈവറുടെ മറുപടി.
സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി മറ്റു വാഹനങ്ങള്‍ ഒതുക്കി വഴിയൊരുക്കിയാണ് പിന്നീട് ആംബുലന്‍സ് കടത്തിവിട്ടത്. പക്ഷേ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നു.
അല്‍പം മുന്‍പ് എത്തിച്ചിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കി. ബസ് ഡ്രൈവര്‍ മനക്കൊടി തോട്ടപ്പിള്ളി സുജിലിനെ (32) പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha


























