ശ്യാമളയുടെ ധാർഷ്ട്യം; പാര്‍ട്ടി പറഞ്ഞാല്‍ മാത്രം രാജി; താനിപ്പോള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സി.പി.എം പറഞ്ഞാല്‍ മാത്രമേ രാജി വയ്ക്കുകയുള്ളൂ എന്നും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള

താനിപ്പോള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സി.പി.എം പറഞ്ഞാല്‍ മാത്രമേ രാജി വയ്ക്കുകയുള്ളൂ എന്നും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള. താന്‍ പാര്‍ട്ടിയോട് രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പി.കെ ശ്യാമള മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ താന്‍ അപ്പോള്‍ത്തന്നെ രാജി വയ്ക്കുമെന്നും ശ്യാമള പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രാദേശിക ഘടകങ്ങളുടെ വികാരം ശ്യാമളയ്ക്കെതിരെ ആയതിനാല്‍ അവര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തില്‍ വിശദമായ ഒരു കുറിപ്പ് ശ്യാമള പാര്‍ട്ടിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ശ്യാമള ഇപ്പോള്‍ രാജിവെക്കേണ്ട ആവശ്യമില്ല എന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തതായാണ് സൂചന. കണ്ണൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഒരേ സമയം നടക്കുകയാണ്. ഇരു യോഗങ്ങളിലും ഈ വിഷയം തന്നെയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാനാകുക.
പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കത്തിന്‍റെ ഇരയാണ് പ്രവാസിയായ സാജന്‍ എന്ന വിമര്‍ശനമാണ് സിപിഎം നേരിടുന്നത്. ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരകാര്യ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് കൈമാറും. മുഖ്യ ടൗൺ പ്ലാനറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറുക. സാജന്റെ മരണ ശേഷം ഫയലുകളിൽ നടത്തിയ കൃത്രിമം അടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.അതേസമയം നഗരസഭ അദ്ധ്യക്ഷ സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പീഡനത്തെ കുറിച്ച് സാജന്റെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്നലെ പി.കെ ശ്യാമള, നഗരസഭ സെക്രട്ടറി ഗിരീഷ്, എൻജിനിയർ കലേഷ് എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പൊലീസിന് മൊഴി നല്കിയിരുന്നു. സാജന്റെ ഭാര്യ ബീന, പാർത്ഥ ഗ്രൂപ്പിലെ നാല് ജീവനക്കാർ എന്നിവരുടെ മൊഴിയാണ് വളപട്ടണം പൊലീസ് രേഖപ്പെടുത്തിയത്.
2018-ല്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ നോട്ടീസ് കിട്ടിയപ്പോള്‍ സാജന്‍റെ പരാതി പ്രകാരം സിപിഎം സബ് കമ്മറ്റിയെ നിയോഗിച്ച് പ്രശ്നം പഠിച്ചിരുന്നു. റിപ്പോര്‍ട്ട് സാജന് അനുകൂലമായിരുന്നു. ജില്ലാ കമ്മിറ്റി അഗം കൂടിയായ നഗരസഭാധ്യക്ഷ പി കെ ശ്യാമളയടക്കമുള്ളവര്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ മൊറാഴ, ബക്കളം എന്നിങ്ങനെ 4 ലോക്കല്‍ കമ്മറ്റികളില്‍ കൂടി സബ് കമറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നിര്‍മ്മാണത്തില്‍ അസ്വാഭാവികതയില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഇത്. പി ജയരാജൻ മുന്‍കൈ എടുത്ത് നടത്തിയ അയ്യപ്പ സേവാ കോൺഗ്രസിന്‍റെ സാമ്പത്തിക ചെലവുകള്‍ വഹിച്ചിരുന്നത് സാജനായിരുന്നു. പി ജയരാജനുമായുള്ള സാജന്‍റെ അടുപ്പം അയാളെ എതിരാളിയായി കാണാന്‍ പി കെ ശ്യാമളയെ പ്രേരിപ്പിച്ചു എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍ .ചുരുക്കത്തില്‍ കണ്ണൂര്‍ പാര്‍ട്ടിയിലെ ചേരി തിരിവിന്‍റെ ഇരയാണ് സാജനെന്ന വാദം ബലപ്പെടുകയാണ്.
പാർട്ടിയുമായി അടുത്ത ബന്ധം നിലനിർത്തിയ സാജന്‍റെ ആത്മഹത്യയോടെ രണ്ടുനീതിയെന്ന തരത്തിൽ നഗരസഭക്കെതിരെ സിപിഎം ഗ്രൂപ്പുകളിൽപ്പോലും എതിർപ്പ് രൂക്ഷമാണ്. ആന്തൂർ നഗരസഭയിലെ സമാനമായ പദ്ധതികൾക്ക് നേരിട്ട തടസ്സങ്ങൾ വ്യക്തമാക്കി കൂടുതൽ പേർ രംഗത്ത് വരാനാണ് സാധ്യത.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെന്‍റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























