കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി കാമുകന്റെ സാഹസം:- 80അടി താഴ്ചയുള്ള കിണറ്റിൽ പകുതിയോളം ഇറങ്ങിനിന്ന് ആത്മഹത്യഭീഷണി മുഴക്കിയ കാമുകനെ അനുനയിപ്പിക്കാൻ ഫയർഫോഴ്സ് എത്തിയതോടെ ഭിത്തിയിൽ തലയിടിച്ച് മുറിവേൽപ്പിച്ചു: രക്ഷപെടുത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ കിണറ്റിലേക്ക് ചാടി... രക്ഷപെടുത്തിയപ്പോൾ കാമുകന്റെ വെളിപ്പെടുത്തൽ... എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി

പ്രണയ നൈരാശ്യം മൂലം രാത്രിയിൽ കാമുകിയുടെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവിന്റെ സാഹസം. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അർധരാത്രിയോടടുത്ത് യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു കരയ്ക്കെത്തിച്ചു. ചൊവ്വ രാത്രി 8.30 നായിരുന്നു സംഭവം. കിണറിൽ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാൻ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. അയൽവാസിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു.
യുവതിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ ശേഷം 80അടി താഴ്ചയുള്ള കിണറ്റിൽ പകുതിയോളം ഇറങ്ങിനിന്ന് ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വിഴിഞ്ഞം ഫയർഫോഴ്സ് സ്ഥലത്തെത്തി. മണിക്കൂറുകളോളം കിണറ്റിൽ നിന്ന യുവാവ് ഭിത്തിയിൽ തലയിടിച്ച് മുറിവേല്പിച്ചു. അനുനയിപ്പിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ അവശനായ യുവാവ് തന്നെ രക്ഷപ്പെടുത്താൻ ഫയർഫോഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഫയർമാൻ മോഹനൻ കിണറ്റിൽ ഇറങ്ങി അടുത്തെത്തിയപ്പോൾ യുവാവ് കിണറ്റിലേക്ക് ചാടി. 10 അടിയിലധികം വെള്ളമുണ്ടായിരുന്ന കിണറ്റിൽ മുങ്ങിത്താണ യുവാവിനെ രാത്രി 11.30ഓടെ വലയിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ അനിൽകുമാർ, ഫയർമാന്മാരായ സജിൻ ജോസ്, രതീഷ്, ഡ്രൈവർ രാജശേഖരൻ, ഹോം ഗാർഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവശനായ യുവാവിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. സംഭവമറിഞ്ഞ് കോവളം പൊലീസും സ്ഥലത്തെത്തിയിരുന്നു. അതേ സമയം പബ്ളിസിറ്റി നേടാണ് താൻ ഇത് ചെയ്തതെന്ന് യുവാവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























