സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമാകുന്നു ... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷം അതി ശക്തമാകുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാന്‍ ഇടയുള്ളതിനാല്‍ അടുത്ത നാല് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18, 19, 20, 21 തീയതികളില്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചു.
റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ക്യാമ്പുകള്‍ തയ്യാറാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂലൈ 19 ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും 'ഓറഞ്ച്' അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്റര്‍ വരെ) അതിശക്തമായതോ (115 മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























