ഇത്രയും പ്രതീക്ഷിച്ചില്ല... ജേക്കബ് തോമസിനെ ഇനിയും പുറത്ത് നിര്‍ത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് തിരിച്ചെടുക്കാന്‍ നീക്കം; സെന്‍കുമാര്‍ കേസിലെ തിരിച്ചടിപോലെ ഇതും വന്നാല്‍ സര്‍ക്കാര്‍ വെട്ടിലാകും; അപ്പീല്‍ വേണ്ടെന്ന് നിയമോപദേശം

സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി. ജേക്കബ് തോമസിന് അനുകൂലമായ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുണ്ടായിട്ടും തിരിച്ചെടുക്കാന്‍ വൈമനസ്യം കാട്ടി നില്‍ക്കുകയാണ് സര്‍ക്കാര്‍. പരമാവധി നീട്ടിക്കൊണ്ടു പോകുകയായിരുന്നു തന്ത്രം. എന്നാല്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്നാണ് സര്‍ക്കാരിനു നിയമോപദേശം നല്‍കിയത്. ഇതോടെ സര്‍വീസില്‍ തിരിച്ചെടുക്കുക്കാനുള്ള വഴിയാണ് തെളിയുന്നത്. അതോടൊപ്പം, അദ്ദേഹത്തിനെതിരായ വിജിലന്‍സ് കേസുകളില്‍ അന്വേഷണം തുടരും. അഴിമതിയില്‍ കുരുക്കി കുറ്റക്കാരനെന്നു വരുത്തി ഒതുക്കുകയാണു ലക്ഷ്യം.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ടി.പി. സെന്‍കുമാറിനെതിരായ കേസില്‍ അപ്പീല്‍ നല്‍കി തിരിച്ചടി കിട്ടിയത് ഈ കേസില്‍ ആവര്‍ത്തിച്ചേക്കാമെന്ന നിയമോപദേശത്തെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. പോലീസിലെടുക്കാതെ ഏതെങ്കിലും കമ്പനിയുടെയോ കോര്‍പറേഷന്റെയോ ചുമതലയില്‍ ജേക്കബ് തോമസിനെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഡി.ജി.പി. റാങ്കില്‍ കുറയാത്ത തസ്തികയും പദവിയും ശമ്പളവും നല്‍കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അദ്ദേഹത്തിനെതിരായ വിജിലന്‍സ് കേസുകളില്‍ അന്വേഷണം തുടരുന്നതു തടഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, തിരിച്ചെടുത്തുകൊണ്ട് അന്വേഷണം ഊര്‍ജിതമാക്കാനാണു സര്‍ക്കാര്‍ നീക്കം. ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിനായി 20നു ഹാജരാകാന്‍ വിജിലന്‍സ് ജേക്കബ് തോമസിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഓഖി ദുരന്തബാധിതര്‍ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന പരസ്യ പരാമര്‍ശത്തിന്റെ പേരിലായിരുന്നു 2017 ഡിസംബറില്‍ ആദ്യ സസ്‌പെന്‍ഷന്‍. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന കുറ്റത്തിന് 2018 ജൂണില്‍ രണ്ടാംതവണ.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെടുത്തി 2018 ഡിസംബര്‍ 21നായിരുന്നു മൂന്നാമത്തെ സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ തുടര്‍ച്ചയായി നീട്ടിയതിനെത്തുടര്‍ന്നാണ് അദ്ദേഹം ട്രിബ്യൂണലിനെ സമീപിച്ചത്.
എ.ഡി.ജി.പിയായിരിക്കെ ടോമിന്‍ തച്ചങ്കരിയെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് കമ്പനി എം.ഡിയായി തിരിച്ചെടുത്ത രീതി ജേക്കബ് തോമസിന്റെ കാര്യത്തിലും പരിശോധിക്കുന്നുണ്ട്.
കേരളാ പോലീസിലെ ഏറ്റവും സീനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ സര്‍വീസ് കാലാവധി അടുത്ത വര്‍ഷമാണു തീരുന്നത്.
അടുത്തിടെ ജേക്കബ് തോമസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തോളമായി താന്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നാണ് ജേക്കബ് തോമസ് വെളിപ്പെടുത്തിയത്. ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ്. 1996ല്‍ മൈസൂരിലെ ഒരു സ്‌കൂളില്‍ വച്ചാണ് ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഒരു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയുമായി അടുത്തുനില്‍ക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























