കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് ടി എന്‍ പ്രതാപന്റെ കത്ത്

കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് കത്ത്. ടി എന്‍ പ്രതാപന്‍ എംപിയാണ് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് കത്ത് നല്‍കിയത് . ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയവ്യവഹാരം അസംബന്ധമാണെന്ന് ടി എന്‍ പ്രതാപന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും മുന്നോട്ട് വന്നു. പിന്നാലെ ശശി തരൂരും ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. ഇത്തരത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പ്രശംസിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ടി എന്‍ പ്രതാപന്‍ സോണിയാഗാന്ധിയ്ക്ക് കത്തയച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതികള്‍ പേര് മാറ്റി നടപ്പാക്കുന്ന മോദിയെ എന്തിനാണ് പ്രശംസിക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ കത്തില്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ മുന്‍ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവരെ കരിവാരിത്തേക്കാനാണ് മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ മോദി സ്തുതി സഹായിക്കുകയുള്ളുവെന്നും ടിഎന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























