പശുവിനെ വാങ്ങിയിട്ട് കള്ളനോട്ട് നല്‍കിയതിന് രണ്ടു പേര്‍ പിടിയില്‍

പശുവിനെ വാങ്ങിയ ശേഷം വിലയായി കള്ളനോട്ട് നല്‍കി എന്ന പരാതിയില്‍ എടവണ്ണയില്‍ രണ്ടു പേര്‍ പൊലീസ് പിടിയിലായി. മലപ്പുറം എടവണ്ണ തൂവക്കാട് സ്വദേശികളായ കുളത്തിങ്ങല്‍ ഷെരീഫും, ഷറഫുദ്ദീനുമാണ് പിടിയിലായത്.
ആമയൂര്‍ സ്വദേശി കടവന്‍ സൈദലവിയില്‍ നിന്ന് പ്രതികള്‍ പശുവിനെ വാങ്ങിയത് 27,500 രൂപക്കാണ്. ആ പണം സൈദലവി മറ്റൊരു പശുവിനെ വാങ്ങാനായി സൂക്ഷിച്ചു വച്ചു. ഈ പണമെടുത്ത് കഴിഞ്ഞ ഞായറാഴ്ച്ച ആമയൂരിലെ മില്‍മ സൊസൈറ്റിയിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരമറിയുന്നത് .
സംഭവം നാട്ടില്‍ പാട്ടായതോടെ പശുവിനെ വാങ്ങിയവര്‍ മധ്യസ്ഥന്‍ വഴി പണം മാറ്റി നല്‍കാമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പണം നല്‍കാനായി ഇവരെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
2000-ത്തിന്റെ 13 നോട്ടുകളാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത് . കള്ളനോട്ടിന്റെ ഉറവിടത്തേപ്പറ്റി പൊലീസ് അന്വേഷണമാരംഭിച്ചു . പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha























