കായിക കേരളത്തിന്റെ വേദനയായി മാറിയ അഫീലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ... പാലാ സെന്റെ തോമസ് സ്‌കൂളില്‍ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോള്‍ സഹപാഠികള്‍ക്ക് കണ്ണീരടക്കാനായില്ല....

കായിക കേരളത്തിന്റെ വേദനയായി മാറിയ അഫീലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് മരിച്ച പാലാ സന്റെ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോണ്‍സണ്‍ ജോര്‍ജ്-ഡാര്‍ളി ദമ്പതികളുടെ ഏകമകനുമായ അഫീലിന്റെ (16) മൃതദേഹം ചൊവ്വൂര്‍ സന്റെ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് വെച്ചയിടങ്ങളിലും പള്ളിയിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഇത്തരം ദുരന്തം ആവര്‍ത്തിക്കരുതേയെന്ന പ്രാര്‍ഥനയോടെ കായികപ്രതിഭയാകാന്‍ കൊതിച്ച താരത്തിന് അവര്‍ വിടചൊല്ലി.
ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലും പാലാ സന്റെ് തോമസ് സ്‌കൂളിലും സ്റ്റേഡിയത്തിലും മൂന്നിലവിലെ സ്‌കൂളിലും ചൊവ്വൂരിലെ വീട്ടിലുമായി മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 10.30ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പാലായിലേക്ക് പുറപ്പെട്ടു. പാലാ സെന്റെ തോമസ് സ്‌കൂളില്‍ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോള്‍ കണ്ണീര്‍മിഴികളോടെയാണു സഹപാഠികള്‍ സ്വീകരിച്ചത്. അധ്യാപകരും രക്ഷിതാക്കളും കായികരംഗത്തെ പ്രമുഖരും എത്തിയിരുന്നു. തുടര്‍ന്ന് അപകടം നടന്ന പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ വിലാപയാത്ര. ഇവിടെ ഒഴുകിയെത്തിയ കായികതാരങ്ങളടക്കം വന്‍ ജനാവലിയും അഫീലിന് യാത്രാമൊഴി നല്‍കി. പിന്നീട് മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചൊവ്വൂരിലെ വീട്ടിലും പള്ളിയിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. കായികകേരളത്തെ നടുക്കിയ ദുരന്തമുണ്ടായത് ഈമാസം നാലിന് ഉച്ചക്ക് 12നായിരുന്നു. മെഡിക്കല്‍ കോളജില്‍ 17 ദിവസത്തെ ചികിത്സക്കൊടുവിലാണ് അഫീല്‍ മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha



























