ഈ പ്രാവശ്യവും യുവതികളെത്തുമോ? പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ഇന്ന് ഉപവാസ പ്രാർഥനായജ്ഞം

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി വരാനിരിക്കെ സാക്ഷാൽ ജഡ്ജിയമ്മാവനെ തുണക്ക് പിടിച്ചിരിക്കുകയാണ് മുൻ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ..
ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ അദ്ദേഹം ഇന്ന് ഉദയാസ്തമയ പ്രാർഥന യജ്ഞം നടത്തും. ശബരിമല യുവതി പ്രവേശന വിഷയത്തിൽ വരാനിരിക്കുന്ന സുപ്രീംകോടതിയുടെ അന്തിമ വിധി ഭക്തർക്ക് അനുകൂലമായ വിധിയാകണമെന്ന പ്രാർഥനയോടെയാണ് പ്രയാർ ജഡ്ജിയമ്മാവൻ കോവിലിൽ എത്തുന്നത് .. കോടതി വ്യവഹാരങ്ങളിൽ അനുഗ്രഹമുണ്ടാകുന്നതിന് വഴിപാട് നടത്തുന്ന ക്ഷേതാരമെന്ന നിലയിൽ ഈ ക്ഷേത്രം പ്രസിദ്ധമാണ്
ശബരിമല വിഷയത്തിൽ കോടതി നടപടികളുടെ എല്ലാ ഘട്ടത്തിലും പ്രയാർ ഇവിടെ പ്രാർഥനയും വഴിപാടും നടത്തിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ കോവിൽ നടയിൽ സമർപ്പിച്ചായിരുന്നു ചടങ്ങുകളെല്ലാം. വ്യവഹാരങ്ങളിൽ പെട്ടുഴലുന്നവർ ഇവിടെയെത്തി പ്രാർഥിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. അടയാണ് ഇഷ്ട നിവേദ്യം. ഇതിനു പുറമേ അടയ്ക്കയും വെറ്റിലയുമൊക്കെ ഭക്തർ നടയ്ക്കൽ സമർപ്പിക്കാറുണ്ട്
സുപ്രീംകോടതി ഭരണഘടനാബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദുമൽഹോത്ര ശബരിമലയിലെ യുവതിപ്രവേശന വിഷയത്തിൽ സ്വീകരിച്ച നിഗമനങ്ങൾ അംഗീകരിച്ച് നിലവിലുള്ള ഉത്തരവ് റദ്ദാക്കി ഭക്തസമൂഹത്തെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രാർഥനായജ്ഞമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സുപ്രീംകോടതി വിധി പിണറായി വിജയൻ സർക്കാർ ചോദിച്ചുവാങ്ങിയതാണെന്നും പ്രയാർ ആരോപിച്ചു. 2006 ജൂലായ് 28ന് യംഗ് ലോയേഴ്സ് ഫോറം യുവതിപ്രവേശം ആവശ്യപ്പെട്ട് പൊതുതാത്പര്യഹർജി സമർപ്പിച്ചപ്പോൾ അന്ന് അച്ചുതാനന്ദൻ സർക്കാർ ഹർജിക്ക് അനുകൂലമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകുകയായിരുന്നു.
പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഈ സത്യവാങ്മൂലം മാറ്റി നൽകിയെങ്കിലും തുടർന്നുവന്ന പിണറായി വിജയൻ സർക്കാർ മുൻഇടതുസർക്കാരിന്റെ സത്യവാങ്മൂലം പുന:സ്ഥാപിക്കുകയായിരുന്നു.
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പുനഃപരിശോധനക്ക് എത്തുന്നത് .50 പുനഃപരിശോധനാഹർജികളാണുള്ളത്. എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങിയ വിവിധ സംഘടനകളും വ്യക്തികളും ആണ് പുനഃപരിശോധനാഹർജി നല്കിയിട്ടുളളത്
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. നേരിട്ടുള്ള വാദമില്ലാത്തതിനാൽ . അഭിഭാഷകർക്കുൾപ്പെടെ പ്രവേശനമില്ല.
https://www.facebook.com/Malayalivartha


























