വാളയാർ കേസിൽ സർക്കാർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു; കുമ്മനം രാജശേഖരൻ

വാളയാർ കേസിൽ കുമ്മനം രാജശേഖരൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണമാണ് ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ഉന്നയിക്കുന്നത്. കേസിൽ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
തെളിവെടുപ്പിനായി ദേശീയ ബലാവകാശ കമീഷൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പോലും വിട്ടുനിന്നെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളെ തെളിവെടുപ്പിൽ നിന്ന് വിട്ടുനിർത്താനായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. എന്തുകൊണ്ടാണ് സിപിഎം നേതാക്കൾ പരസ്യമായി പ്രതികരിക്കാത്തതെന്ന് ചോദിച്ച കുമ്മനം കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
വാളയാർ വിഷയത്തിൽ നാളെ (നവംബർ ഒന്നിന്) സെക്രട്ടേറിയേറ്റ് പടിക്കൽ ബിജെപിയുടെ ഉപവാസ സമരം ആരംഭിക്കും. വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണം എന്നും ആത്മഹത്യ എന്നും പറയുന്നതെന്നും കുമ്മനം ചോദിച്ചു. കുറ്റക്കാരെ രക്ഷപെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























