ശബരിമല യുവതീപ്രവേശന വിധി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതിനാല്‍ കേരളം വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തിരിയുമെന്ന് ആശങ്ക

ശബരിമല യുവതീപ്രവേശന വിധി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതിനാല്‍ കേരളം വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തിരിയുമെന്ന് ആശങ്ക. കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ട് മുന്‍പ് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ നാമജപഘോഷയാത്ര ആരംഭിച്ചത് മുതല്‍ ബി.ജെ.പിയും ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതിയും വിശ്വഹിന്ദുപരിഷത്തും നിരവധി ഹര്‍ത്താലുകളാണ് നടത്തിയത്. അതിന്റെ മറവില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു. കേരളയം ഏതാണ്ട് യുദ്ധസമാനമായ അന്തരീക്ഷത്തിലായിരുന്നു മണ്ഡലകാലം അവസാനിക്കുന്നത് വരെ. ആ സാഹചര്യം വീണ്ടും ഉടലെടുക്കുമോ എന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്.
നിലയ്ക്കലില്‍ പൊലീസും ഭക്തരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യത്തെ ഹര്‍ത്താല്‍ അരങ്ങേറിയത്. അന്ന് ഭക്തരും പൊലീസും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. വിശ്വാസികള്‍ പൊലീസിന് നേരെ കല്ലും കമ്പും എറിഞ്ഞപ്പോള്‍ തിരിച്ചവര്‍ ലാത്തിവീശി. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്തിയ ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പൊലീസ് അടിച്ചുതകര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പന്തളത്ത് നിന്ന് ശബരിമല ദര്‍ശനത്തിന് സൈക്കിളില്‍ പോയ ഭക്തന്‍ ശിവദാസന്റെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് ലഭിച്ചു. അതോടെ നിലയ്ക്കലിലെ പൊലീസ് അതിക്രമത്തിനിടെ രക്ഷപെട്ട് ഓടിയ ശിവദാസന്‍ വീണ് മരിച്ചതാണെന്ന് ആരോപിച്ച് ബി.ജെ.പി ഹര്‍ത്താല്‍ നടത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വാഹനാപകടത്തിലാണ് മരിച്ചതെന്ന് കണ്ടെത്തി.
ദര്‍ശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തപ്പോള്‍ ബി.ജെ.പിയോ, ആര്‍.എസ്.എസോ, മറ്റ് ഹൈന്ദവ സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. നിരവധി യുവതികള്‍ കൂട്ടമായും സംഘമായും സന്നിധാനത്തേക്ക് എത്തിയപ്പോഴും രഹ്നാഫാത്തിമയും കവിതാ ജെക്കാള്‍ എന്ന മാധ്യമപ്രവര്‍ത്തകയും പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക് പോയപ്പോഴും മധ്യതിരുവിതാംകൂര്‍ വലിയ സംഘര്‍ഷ ഭീതിയിലായിരുന്നു. മനീതി സംഘത്തിന് നേരേ ആക്രമണ ശ്രമവും നടന്നു. അവസാനം അവര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയപ്പോള്‍ ബി.ജെ.പി പ്രതിഷേധവുമായി എത്തി. ചിലര്‍ ട്രെയിനിന് മുന്നില്‍ കയറി നിന്നു. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് നേരെ ചാണകമെറിഞ്ഞും പ്രതിഷേധം രേഖപ്പെടുത്തി.
നിരന്തരം സമരങ്ങള്‍ക്ക് പമ്പയും നിലയ്ക്കലും സന്നിധാനവും സാക്ഷ്യംവഹിച്ചപ്പോള്‍ സര്‍ക്കാരും പൊലീസും യാതൊരു വിട്ട് വീഴ്ചകള്‍ക്കും തയ്യാറായില്ല. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നവോത്ഥാന സമിതി രൂപീകരിച്ചു. എസ്.എന്‍.ഡി.പിയും കെ.പി.എം.എസും ഉള്‍പ്പെടെയുള്ള ഹിന്ദുസമുദായ സംഘടനകളും ക്രൈസ്തവ, മുസ്്‌ലിം സംഘടനകളും സമിതിയുടെ ഭാഗമായി. ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അതിനായി അവര്‍ വനിതാ മതില്‍ തീര്‍ത്തു. തൊട്ടടുത്ത ദിവസം ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തി. അതോടെ രണ്ട് ദിവസത്തെ ഹര്‍ത്താലിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
https://www.facebook.com/Malayalivartha
























