പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് , ഭാര്യ ടി. വീണ എന്നിവർക്കെതിരെ ഇ ഡി നിർദ്ദേശപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചു.അടുത്തയാഴ്ച ആദ്യം തന്നെ പിണറായിക്കെതിരെ കേസെടുക്കാനാണ് നീക്കം. മുഖ്യമന്ത്രി വി ഡി. സതീശന്റെ വകുപ്പായ നിയമവകുപ്പാണ് എജിയിൽ നിന്നും ഉപദേശം നേടിയത്. നിയമോപദേശം വാങ്ങുന്നതിൽ ആഭ്യന്തര വകുപ്പിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. നിയമവകുപ്പിന് കീഴിലാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കുന്നത്.
പിണറായിക്കെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തര വകുപ്പിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇഡി നിർദ്ദേശം വന്നപ്പോൾ തന്നെ മന്ത്രി രമേശ് ചെന്നിത്തല അതിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിയമോപദേശം പഴുതടച്ചതാകണം എന്നതായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നടപടികളിലേക്ക് പ്രവേശിക്കുന്നത്. എജിയുടെ റിപ്പോർട്ട് വന്നതോടെ ചെന്നിത്തലയും മുഖ്യമന്ത്രിക്ക് ഒപ്പം നിന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദചിത്തരായി. ഇതിൽ ഒരു അലംഭാവവും പാടില്ലെന്ന് കോൺഗ്രസ് കരുതുന്നു.
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കർശന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ സ്റ്റാന്റും ഇതുതന്നെയാണ്. മാത്യുവിന്റെ നിലപാടിനും സമീപനത്തിനും ഒപ്പം നിൽക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. അതേസമയം കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പിണറായിക്കെതിരെ തൽക്കാലം നടപടി വേണ്ട എന്ന് അഭിപ്രായമാണുള്ളത് . ഇത്തരം ഒരു സമീപനം സ്വീകരിച്ചാൽ അത് കേരളത്തെ ബിജെപിക്ക് താലത്തിൽ വച്ചു കൊടുക്കുന്ന സ്ഥിതി വിശേഷം വന്നുചേരുമെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. പിണറായിയെപ്പോലെ വയോധികനായ ഒരു നേതാവിനെ ഉപദ്രവിക്കാനുള്ള മനസ്സ് ആഭ്യന്തര മന്ത്രിക്ക് ഇല്ല. എന്നാൽ പിണറായിയുടെ ഭരണകാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ റോഡിൽ കിടന്ന് അടികൊണ്ട നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരുടെ ആഗ്രഹം പിണറായിയെ ജയിലിൽ അടയ്ക്കുക എന്നതാണ്. അവർക്കൊപ്പമാണ് കുഴൽനാടൻ ഉൾപ്പെടെയുള്ള യുവ നേതാക്കൾ നിലകൊള്ളുന്നത്, സംസ്ഥാന സർക്കാർ പിണറായിയെ സഹായിക്കാൻ ഒരുമ്പിട്ടാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ബിജെപി നേതാവ് ഷോൺ ജോർജുമായി ചേർന്ന് പിണറായിക്കെതിരെ കരുക്കൾ നീക്കും എന്ന ശ്രുതി ഇതിനകം പരന്നിട്ടുണ്ട്. ഈ ഭയം സതീശനും ചെന്നിത്തലക്കുമുണ്ട്. താൻ പിണറായിയെ വെറുതെ വിടില്ലെന്ന മറുപടിയാണ് കുഴൽനാടൻ നൽകിയത്. പിണറായിക്കെതിരെ താൻ എടുത്ത കർശന നിലപാട് കാരണമാണ് തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്ന് കുഴൽനാടന് അറിയാം. അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന നേതാക്കൾക്കും അറിയാം. അതിനാൽ കുഴൽനാടനെ പിണക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. മാത്രവുമല്ല അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാരിൻറെ ഇമേജ് പൂർണ്ണമായും നശിപ്പിക്കും. കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കാൻ സതീശൻ തയ്യാറല്ല.
25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിൽ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇതിന് മകളുടെ കമ്പനി ഉപയോഗപ്പെടുത്തി തുടങ്ങിയ ഗുരുതരാരോപണങ്ങൾ ആണ് സംസ്ഥാന പോലീസ് മേധാവിക്ക് എ ജി അയച്ച കത്തിനുള്ളത്
ആരോപണത്തിൽ പിണറായിയുടെ കൂടെയുള്ളത് മകൾ വീണ മാത്രമല്ല, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ മരുമകൻ മുഹമ്മദ് റിയാസ് കൂടിയാണ്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. നിഖിൽ അടക്കമുള്ള ഒമ്പതുപേർ വേറേയുമുണ്ട്. നൽകാത്ത സേവനത്തിന് സി.എം.ആർ.എൽ-ൽ നിന്ന് വീണ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ പുറത്തുവന്ന ഉടനെ അതിനെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധിച്ചിരുന്നു. വീണയ്ക്കുവേണ്ടി എന്തിന് പാർട്ടി ഇറങ്ങണമെന്നതായിരുന്നു ഈ ഘട്ടത്തിൽ ഉയർന്ന ചോദ്യം. വീണയുടെ കേസ് വീണ നേരിടുമെന്ന വാദം മുന്നോട്ടുവെച്ച് വലിയ പ്രതിരോധം തീർക്കാതെ സി.പി.എം. പിന്നീട് പിന്നാക്കം നിന്നു. ഇപ്പോൾ ശരിക്കും കേസ് സി.പി.എം. നേതാക്കൾക്കെതിരേയായി മാറിക്കഴിഞ്ഞു. അത്, അഴിമതിപ്പണം കൈപ്പറ്റുകയും അത് മറ്റു വ്യക്തികളിലൂടെ വിദേശത്തേക്ക് കടത്തി എന്നതടക്കമുള്ള ആരോപണവുമാണ്. അഴിമതിപ്പണമാണെങ്കിൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ സി.എം.ആർ.എൽ-ന് എന്ത് പ്രത്യുപകാരം നൽകിയെന്ന് സി.പി.എമ്മിന് തിരിച്ചുചോദിക്കാം. അതിന് ഇ.ഡി.യും വ്യക്തത നൽകിയിട്ടില്ല. അതുമാത്രമാണ് ഇപ്പോൾ സി.പി.എമ്മിനുള്ള പിടിവള്ളിയും. ഇ.ഡി. റിപ്പോർട്ടിൽ സർക്കാർ എന്ത് നിലപാടെടുക്കും എന്നതും സി.പി.എം. കാത്തിരിക്കുകയാണ്. അതിനനുസരിച്ചാകും കേസിനെതിരേയുള്ള രാഷ്ട്രീയപ്രചാരണം സി.പി.എം. തീരുമാനിക്കുക. പൊതുജനങ്ങൾക്ക് സംശയമില്ലാത്ത വിധം വിഷയത്തിൽ വ്യക്തതവരുത്തേണ്ട ബാധ്യത പാർട്ടിക്കുമേലുണ്ടാക്കും.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേരിൽ കേസെടുക്കാൻ ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ കത്ത് മേശപ്പുറത്തുള്ളപ്പോൾ സംസ്ഥാനസർക്കാരിന്റെ മുന്നിലുള്ളത് രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നങ്ങളാണ്.
കേസെടുപ്പ് നീണ്ടാൽ, പരാതിക്കാരനായ ബി.ജെ.പി. നേതാവ് കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമുണ്ട്. സങ്കീർണതകൾ ഏറെയുള്ളതിനാൽ, തുടർനടപടിക്ക് നിയമപരവും രാഷ്ട്രീയവുമായ സാധ്യതകൾ പരിശോധിക്കുകയാണ് സർക്കാർ. രാജ്യമെങ്ങും പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാനുള്ള രാഷ്ട്രീയ ഉപകരണമായി ഇ.ഡി.യെ ബി.ജെ.പി. ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ദേശീയ നിലപാട്. കേരളത്തിൽ ശത്രുപക്ഷത്താണെങ്കിലും ദേശീയതലത്തിൽ ബി.ജെ.പി.യെ ചെറുക്കാനുള്ള ഇന്ത്യസഖ്യത്തിലാണ് കോൺഗ്രസും സി.പി.എമ്മും. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയുംപേരിൽ ഇ.ഡി. കേസെടുത്തപ്പോൾ കോൺഗ്രസിനെ സി.പി.എം. പിന്തുണച്ചിരുന്നു. പിണറായിക്കെതിരേ ഉടനടി കേസെടുക്കുന്നത് ഇന്ത്യസഖ്യത്തിലൊരു കല്ലുകടിയാവും.
അതേസമയം, വീണ ഉൾപ്പെട്ട എക്സാലോജിക് കേസിൽ തുടക്കംമുതലേ കേരളത്തിലെ കോൺഗ്രസ് പിണറായിയെ ഉന്നമിട്ടിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എ. സുപ്രീംകോടതിയെ വരെ സമീപിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും പിണറായിക്കും നേരേ കേസ് ആയുധമാക്കി, സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണത്തിന്റെ മൂർച്ച കൂട്ടി. പിണറായിയെ എന്തുകൊണ്ട് ഇ.ഡി. തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നതുവരെ തർക്കങ്ങളെത്തി.
ഇ.ഡി.യിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്നാണ് സി.പി.എമ്മിന്റെ വിമർശനം. ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റുചെയ്തതും പിണറായിക്കെതിരേയുള്ള ആരോപണവുമൊക്കെ പാർട്ടി ഉയർത്തിക്കാട്ടുന്നു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. 25 പേജുള്ള റിപ്പോർട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നൽകിയത്.
വിശാല സംസ്ഥാന കമ്മിറ്റി ചേർന്ന് വീഴ്ചകൾ തിരുത്തി പാർട്ടിയെ നവീകരിക്കാനുള്ള നീക്കത്തിനിടെയാണ് ഈ പ്രതിസന്ധിയും പാർട്ടി അഭിമുഖീകരിക്കുന്നത്. ലാവലിൻ കേസിൽ മുമ്പ് പിണറായി പ്രതിയായപ്പോൾ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമോ പദവിയോ അല്ലാത്തതിനാൽ തുടരുന്നതിൽ രാഷ്ട്രീയ ശരികേടില്ലെന്നായിരുന്നു അന്ന് പാർട്ടി വിലയിരുത്തിയത്. ഇന്നതല്ല സ്ഥിതി. സമാന സാഹചര്യമല്ല ഇപ്പോഴത്തേത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നെങ്കിലും പാർലമെന്ററി പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാൽ യുഡിഎഫ് സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചാൽ, പ്രതിപക്ഷ നേതാവ്, എംഎൽഎ തുടങ്ങിയ പദവികൾ വഹിക്കുന്ന പിണറായിയുടെ രാജി ആവശ്യം സ്വാഭാവികമായും ഉയരും.
ഭരണപക്ഷത്തുനിന്നും പാർട്ടിക്കുള്ളിൽനിന്നും വരാനിടയുള്ള എതിർപ്പുകളെ ചെറുക്കുക എളുപ്പമാകില്ല. ഭരണം നഷ്ടപ്പെട്ട് തിരിച്ചുവരവിന് മുന്നണി തയ്യാറെടുക്കുമ്പോൾ നയിക്കുന്ന നായകൻ തന്നെ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് വരുന്നത് ന്യായീകരിക്കുക അത്ര എളുപ്പമാകില്ല. വീണ.ടിയുടെ കേസ് വന്നപ്പോൾ അതിനെ ന്യായീകരിക്കേണ്ട ബാധ്യതയില്ല എന്ന നിലപാടിലായിരുന്നു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പോലും സ്വീകരിച്ചത്. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിപിഐ ഈ പ്രതിസന്ധി ഘട്ടത്തിൽ പിണറായിക്ക് പരസ്യപിന്തുണ നൽകുമോ എന്നതും ഏറെ നിർണായകമാണ്. പിണറായിയുടെ വസതിയിൽ ഇ.ഡി റെയ്ഡിനെത്തിയപ്പോൾ അതിനെ സിപിഎം ചെറുക്കുകയും ആ നടപടി രാഷ്ട്രീയമായി ദോഷം ചെയ്‌തെന്നും പാർട്ടി തന്നെ വിലയിരുത്തിയതാണ്. വിശാല കമ്മിറ്റിയിൽ പിണറായിക്കെതിരായ കേസ് വിമർശകർ ഉയർത്തിയേക്കാം. നേതൃമാറ്റം കമ്മിറ്റിയോഗത്തിന്റെ അജണ്ടയിലില്ലെന്ന് പാർട്ടി ആവർത്തിക്കുമ്പോഴും പുതിയ സാഹചര്യം അതിലേക്ക് ചർച്ചകളുടെ വഴിതിരിച്ചുവിടാനും ഇടയുണ്ട്.
യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയെന്ന രേഖയെ പിൻപറ്റിയുള്ള രാഷ്ട്രീയ വിവാദവും തുടർന്നുള്ള അന്വേഷണവുമാണ് ഇപ്പോൾ ഇഡി സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക് നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.
ഈ കേസിൽ ഇതുവരെ പിണറായിയുടെ മകൾക്കെതിരായ ആരോപണം എന്ന നിലയിലാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചിരുന്നത്. മകളെ കരുവാക്കി ഇഡി പിണറായിയെയും പാർട്ടിയെയും വേട്ടയാടുകയാണെന്നും സിപിഎം നിലപാടെടുത്തിരുന്നു. എന്നാൽ, കേസെടുത്താൽ ആ നിലപാടിൽ തുടരുന്നത് എളുപ്പമാകില്ല.
തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ക്ഷീണത്തിൽനിന്ന് പുറത്തുകടക്കാനും തിരിച്ചടികളെ മറികടക്കാനും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിക്ക് പുതിയ ആഘാതം. പിണറായിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽനിന്ന് ഉയരുന്ന നിലപാടുകൾക്ക് ശക്തിനൽകുന്നതാകും ഇപ്പോഴത്തെ സാഹചര്യം. കോഴിക്കോട്ട് നടക്കാനിരിക്കുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരേ ശക്തമായ വിമർശനങ്ങൾക്ക് ഇത് ഇടയാക്കാം. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാനുള്ള ആവശ്യങ്ങളടക്കം ഉയരാം. ഒരുപക്ഷേ, പിണറായിയുടെ അപ്രതിരോധ്യമായ നേതൃത്വത്തിന് വിരാമമിടാൻ പോലും വഴിയൊരുക്കിയേക്കാം ഇപ്പോഴത്തെ സാഹചര്യം.
പിണറായിയെ സഹായിക്കാൻ നിന്നാൽ പാർട്ടി പ്രതിസന്ധിയിലാവും എന്ന വ്യക്തമായ സൂചന സിപിഎമ്മിന്റെ ദേശീയ നേതാക്കൾ നൽകി കഴിഞ്ഞു. പിണറായിയെ തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യത്തിലാണ് പാർട്ടിക്കുള്ളത്. ബേബിയെ സംബന്ധിച്ചിടത്തോളം പിണറായി ഒഴിവാക്കിയാൽ നന്നായിരിക്കും എന്ന് അഭിപ്രായമുണ്ട്. എന്നാൽ മലയാളിയായ ജനറൽ സെക്രട്ടറി ഇത്തരമൊരു തീരുമാനമെടുക്കുന്നത് അഭംഗിയാണെന്ന അഭിപ്രായമുണ്ട്.
സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്കു നൽകിയ പണം അക്കൗണ്ടിൽ രേഖപ്പെടുത്തിയാണെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു . എനിക്കു വേണ്ടി പണം വാങ്ങി അത് റിയാസ് മുഖേനെ വീണ വിദേശത്തേക്കു കടത്തി എന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭർത്താവായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ ഒരുപാടു കാലമായി നടക്കുന്നതാണ്. എന്നാൽ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ഉദ്ദേശിക്കുന്ന തരത്തിൽ അത് ഉയർന്നിട്ടില്ല. ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്. മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്യുന്നത് ഒറാക്കിളിൽ ആണ്. പിന്നീട് വിവാഹം കഴിഞ്ഞതോടെ ജോലി വിടുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു. ശേഷമാണ് സ്വന്തം സ്ഥാപനം തുടങ്ങിയത്. അതിന്റെ സേവനങ്ങൾ പല കമ്പനികൾക്കും നൽകിയിരുന്നു. ഇടയ്ക്ക് മതതീവ്രവാദികൾ നടത്തുന്ന സ്ഥാപനത്തിന് ഐടി സേവനം നൽകുന്നെന്ന തരത്തിൽ ആരോപണം ചിലർ ഉയർത്തി. അത് ഉയർത്തിയവർക്കു തിരിച്ചടിയാകുമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























