അതീവജാഗ്രതയിൽ മലപ്പുറം..ഒരാഴ്ചയ്ക്കുള്ളിൽ 1,653 കേസുകൾ.. അതിസാര രോഗികളുടെ എണ്ണം കൂടുന്നു...രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്..

പലതരത്തിലുള്ള അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും സമൂഹത്തിൽ പടർന്നു പിടിക്കാം. ഭയമല്ല വേണ്ടത് ജാഗ്രതയാണ് . ഇപ്പോഴിതാ മലപ്പുറം
ജില്ലയിൽ അതിസാര രോഗികളുടെ എണ്ണം കൂടുന്നു. ദിവസം ശരാശരി 300ലധികം പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഏതാനും ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലത്തിൽ രക്തമോ കഫമോ (mucus) കലർന്ന് കടുത്ത രീതിയിൽ ഉണ്ടാകുന്ന വയറിളക്കത്തെയാണ് അതിസാരം അഥവാ ഡിസെന്ററി (Dysentery) എന്ന് വിളിക്കുന്നത്.
കുടലിലുണ്ടാകുന്ന അണുബാധയും വീക്കവുമാണ് ഇതിന് പ്രധാന കാരണം. സാധാരണ വയറിളക്കത്തേക്കാൾ ഇത് വളരെ ഗുരുതരമായ ഒരവസ്ഥയാണ്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം തൊള്ളായിരത്തിലധികം ആളുകളാണ് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1,653 കേസുകളാണ് ജില്ലയിൽ ആകെ സ്ഥിരീകരിച്ചത്. കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. പ്രാദേശിക തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗമകറ്റാൻ ഇവ പാലിക്കാം...കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കുക. ആഹാരം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ, തെരുവോരങ്ങളിലെ ശുചിത്വമില്ലാത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.ആഹാരത്തിന് മുമ്പും മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ നന്നായി കഴുകി ശുദ്ധിയാക്കുക.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.
https://www.facebook.com/Malayalivartha


























