ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകുന്നേരം 7.26 ന് കേരളത്തിന് മുകളിലെത്തും. കൺമുന്നിലെത്തുന്ന ചൈനീസ് നിലയം 7.30 വരെ കാണാനായി കഴിയും.
മൂന്ന് വർഷം ഭൂമി ചുറ്റി കറങ്ങിവരുന്ന ടിയാങ്ഗോങ് കേരളത്തിലും ദൃശ്യമായിട്ടുണ്ടെങ്കിലും കേരളത്തിലുടനീളം വ്യക്തമായി കാണാൻ സാധിക്കുന്നത് വളരെ വിരളമാണ്. ഭൂമിയിൽ നിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം. മൂന്ന് ചൈനക്കാരാണ് പരീക്ഷണ നിരീക്ഷണങ്ങളുമായി ടിയാങ്ഗോങ് നിലയത്തിലുള്ളത്.
സംസ്ഥാനത്തുള്ളവർക്ക് ഇന്നു വൈകുന്നേരം 7.26 മുതൽ നാലു മിനിറ്റോളമാണു നഗ്ന നേത്രങ്ങൾ കൊണ്ട് ടിയാങ്ഗോങ് ബഹിരാകാശ നിലയം കാണാനാവുക. രാത്രി 7.26ന് കേരളത്തിന്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലെ ഭാഗത്താണ് ടിയാങ്ഗോങ് പ്രത്യക്ഷപ്പെടുന്നത്. അതിനു മുമ്പായി കൊങ്കൺതീരത്തും ദൃശ്യമാകുന്നതാണ്.
നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം 7.26 ന് വടക്കൻ മലബാർ തൊട്ടു കേരളത്തിനു മുകളിലായി തെക്കോട്ടു നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ സമയമായിരിക്കും കേരളത്തിലുടനീളമുള്ളവർക്ക് ടിയാങ്ഗോങ് വ്യക്‌തമായി കാണാനാവുക. 7.30ന് തെക്കൻ തമിഴ്‌നാടും കടന്ന് 7.31ന് ടിയാങ്ഗോങ് ശ്രീലങ്കക്ക് മുകളിലേക്ക് നീങ്ങുന്നതോടെ കേരളീയരുടെ നഗ്ന നേത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമാകും.
ഇംഗ്ലിഷ് അക്ഷരമായ ടി (T) ആകൃതിയിൽ നിർമിച്ച ചൈനീസ് നിലയം കാഴ്‌ചയിൽ ഒരു തുമ്പിയെപ്പോലെ തോന്നിക്കും. തിളക്കം നോക്കി ബഹിരാകാശ നിലയത്തെ തിരിച്ചറിയാം. ആകാശത്ത് ഇപ്പോൾ സൂര്യനും ചന്ദ്രനും ഐ.എസ്.എസും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിനാണ്.
"
https://www.facebook.com/Malayalivartha
























