ആര്‍ദ്രം കാമ്പയിന്‍ പൊതുജനാരോഗ്യ രംഗത്തെ ബദല്‍ മാതൃക: മന്ത്രി എ.സി. മൊയ്തീന്‍: കിടത്തി ചികിത്സിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കുറയും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി

ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃകയാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. വ്യത്യസ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍ വലിയ വിജയം കൈവരിക്കും. ആരോഗ്യമുള്ള ജനതയെ ജനപങ്കാളിത്തത്തോടെ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ശക്തമായ ഇടപെടലാണ് ആരോഗ്യ മേഖല നടത്തി വരുന്നത്. നവകേരള സൃഷ്ടിയില്‍ പ്രധാന പങ്കാണ് ആരോഗ്യ മേഖലയ്ക്കുള്ളതെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായും വിപുലമായ പരിപാടികളോടെയും ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പരിമിതിയുണ്ടെങ്കിലും വലിയ പ്രയത്‌നമാണ് ആരോഗ്യ മേഖല നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് വലിയ പിന്തുണയാണ് നല്‍കുന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തിനും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചാണ് ആരോഗ്യ വകുപ്പ് ആര്‍ദ്രം പദ്ധതി യാഥാര്‍ത്ഥ്യമാക്കി വരുന്നത്. ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ജീവിതശൈലീ രോഗങ്ങളാണ് ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഇത് തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ വലിയ പ്രയോജനം ചെയ്യും. ജീവിതശൈലീ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ആശുപത്രികളെ രോഗീസൗഹൃദമാക്കുക, സര്‍ക്കാര്‍ ആശുപത്രികളെ ആധുനികവത്ക്കരിക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര്‍ദ്രം മിഷന്‍ രൂപീകരിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനമാണ് ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. എങ്കിലും ജനകീയ പങ്കാളിത്തത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 55 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിലാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ വളര്‍ച്ചയിലൂടെ പാവപ്പെട്ട ആളുകള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നതായി മുഖ്യാതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നല്ല ഭക്ഷണം നല്ല മരുന്നാണെന്നും പുതിയ തലമുറ ഇത് മനസിലാക്കണമെന്നും മുഖ്യാതിഥിയായ ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. വിദ്യാസ രംഗത്തേയും ആരോഗ്യ രംഗത്തേയും ജനകീയതയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി എ.സി. മൊയ്തീന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത് സംസ്ഥാനതല വിജയിയായ കണ്ണൂര്‍ പയ്യന്നൂര്‍ അല്‍ഫോണ്‍സാ സെന്‍ട്രല്‍ സ്‌കൂളിലെ നടക്കല്‍ ഭദ്രന്, 25,000 രൂപയും ഫലകവും നല്‍കി ആദരിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി. വിശ്വംഭര പണിക്കര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി. ഇക്ബാല്‍, നവകേരള കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത്ത്, കെ.എം.എസ്.സി.എല്‍. എം.ഡി. നവജോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന കെ. എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























