കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതലയെ പിടികൂടി. തീര്‍പ്പിന് സമീപമുള്ള കോതയാറില്‍ വച്ചാണ്മുതലയെ പിടികൂടിയത്. ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമന്‍ മുതല വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയില്‍ കുടുങ്ങുകയായിരുന്നു. കോതയാറ്റില്‍ ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് മുതലയുടെ സാന്നിദ്ധ്യം പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുതലയെ പിടികൂടാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഉപയോഗിച്ച് കെണി ഒരുക്കിയെങ്കിലും മുതല പിടികൊടുത്തില്ല. തുടര്‍ന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയും മുതലയുടെ സഞ്ചാരപഥങ്ങളില്‍ വലകള്‍ സ്ഥാപിക്കുകയും ചെയ്തു.
ഇന്ന് രാവിലെയോടെ നിലക്കല്‍ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയില്‍ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് മുതലയെ കാണാനായി വന്‍ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. മുതലയ്ക്ക് 300 കിലോയോളം തൂക്കമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുതലയെ കൂടുതല്‍ വലകള്‍ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാര്‍ കരയ്‌ക്കെത്തിച്ചു.
അതേസമയം, ആറു വര്‍ഷം മുന്‍പ് ഈ മുതല ചെറുതായിരുന്നപ്പോള്‍ തന്നെ പലയിടത്തും കണ്ടതായി നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. പിടികൂടിയ മുതലയെ എങ്ങോട്ട് മാറ്റുമെന്ന കാര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha


























