CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?

എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ആദ്യം സംഭവം നല്ല കാര്യമാണെന്ന് തോന്നിയെങ്കിലും, അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നാണ് മനോജ് വെള്ളനാട് കുറിച്ചത്.
അബോധാവസ്ഥയിലായിരുന്ന രോഗിയെ അഞ്ചാറ് പേര്‍ ചേര്‍ന്ന് കൈകാലുകളില്‍ പിടിച്ച് ഉയര്‍ത്തി വാഹനത്തിലേക്ക് മാറ്റുന്ന രീതിയെയാണ് ഡോക്ടര്‍ ചോദ്യം ചെയ്യുന്നത്. അപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ട്രോമ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ അദ്ദേഹത്തെ കൈകാര്യം ചെയ്യാവൂ എന്നാണ് മനോജ് വെള്ളനാടിന്റെ വിശദീകരണം.
അശാസ്ത്രീയമായി മാറ്റുന്നത് ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകാം
വാഹനാപകടങ്ങളില്‍ കഴുത്തിനും നട്ടെല്ലിനും പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. സ്‌പൈന്‍ ബോര്‍ഡോ സെര്‍വിക്കല്‍ കോളറോ ഉപയോഗിക്കാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയര്‍ത്തുന്നത്, ഒടിഞ്ഞ കശേരുക്കള്‍ സുഷുമ്‌നാനാഡിക്ക് കൂടുതല്‍ ക്ഷതമേല്‍ക്കാന്‍ ഇടയാക്കുമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ സാഹചര്യങ്ങളില്‍ ഇത് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുന്നതിനും ശ്വസനതടസ്സത്തിനും കാരണമാകാം.
അബോധാവസ്ഥയിലുള്ള രോഗിയുടെ തലയും കഴുത്തും ശരിയായ രീതിയില്‍ ഉറപ്പിച്ചില്ലെങ്കില്‍ നാവ് പിന്നിലേക്ക് വീണ് ശ്വാസനാളം അടയാനും സാധ്യതയുണ്ട്. ഇടുപ്പെല്ലിനോ വാരിയെല്ലുകള്‍ക്കോ പൊട്ടലുണ്ടെങ്കില്‍ രോഗിയെ കുലുക്കിയോ ശരീരം വളച്ചോ വാഹനത്തിലേക്ക് മാറ്റുന്നത് ആന്തരിക രക്തസ്രാവം വര്‍ധിപ്പിക്കാനും ഇടയാക്കാം.
തലയും കഴുത്തും അനക്കാതെ സൂക്ഷിക്കണം
അപകടത്തില്‍പ്പെട്ടവരെ മാറ്റുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇമ്മൊബിലൈസേഷനാണെന്ന് മനോജ് വെള്ളനാട് പറയുന്നു. രോഗിയുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരേ നേര്‍രേഖയില്‍ അനങ്ങാതെ സൂക്ഷിക്കണം. ഇതിനായി സെര്‍വിക്കല്‍ കോളറും ഉറപ്പുള്ള സ്‌പൈന്‍ ബോര്‍ഡും ഉപയോഗിക്കേണ്ടതുണ്ട്.
സ്‌പൈന്‍ ബോര്‍ഡിലേക്ക് രോഗിയെ മാറ്റുമ്പോള്‍ ശരീരം വളയാതിരിക്കാനും ശ്രദ്ധിക്കണം. തല നിയന്ത്രിക്കുന്നയാളുടെ നിര്‍ദേശപ്രകാരം ഒന്നിലധികം പേര്‍ ചേര്‍ന്ന് ശരീരം ഒരൊറ്റ യൂണിറ്റായി മാറ്റുന്ന 'ലോഗ് റോള്‍' രീതിയാണ് ഇതിനായി ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആംബുലന്‍സാണ് സുരക്ഷിതം
സാധാരണ കാറുകളിലോ ജീപ്പുകളിലോ രോഗിയെ കിടത്തി കൊണ്ടുപോകുമ്പോള്‍ ആവശ്യമായ അടിയന്തര ചികിത്സ നല്‍കുന്നത് ബുദ്ധിമുട്ടാണ്. ഓക്‌സിജന്‍ സിലിണ്ടര്‍, സക്ഷന്‍ മെഷീന്‍, സ്‌ട്രെച്ചര്‍ തുടങ്ങിയ ജീവന്‍രക്ഷാ സംവിധാനങ്ങളുള്ള ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സിലാണ് ഗുരുതരമായി പരുക്കേറ്റ രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടതെന്നാണ് ഡോക്ടറുടെ നിലപാട്.
തീപിടിത്തം, വാഹനം പൊട്ടിത്തെറിക്കാനുള്ള സാധ്യത തുടങ്ങിയ അടിയന്തര സാഹചര്യങ്ങളല്ലെങ്കില്‍, മെഡിക്കല്‍ സൗകര്യങ്ങളുള്ള ആംബുലന്‍സ് എത്തുന്നതുവരെ കാത്തിരിക്കുന്നതാണ് സുരക്ഷിതമായ നടപടിയെന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രിക്ക് ഇത്തരം മെഡിക്കല്‍ പ്രോട്ടോക്കോളുകളെക്കുറിച്ച് വിശദമായ ധാരണ ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള പരിശീലനം ലഭിച്ചവര്‍ രോഗിയെ കൈകാര്യം ചെയ്ത രീതിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് മനോജ് വെള്ളനാട് ചൂണ്ടിക്കാട്ടുന്നു.
കയ്യില്‍ വാഹനമുണ്ടെങ്കിലും അഞ്ചോ പത്തോ മിനിറ്റ് കാത്തിരിക്കേണ്ടിവന്നാലും ആംബുലന്‍സ് വിളിച്ച് രോഗിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതാണ് ശരിയായ നടപടിയെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
റോഡില്‍ അപകടത്തില്‍ പെട്ട് അബോധാവസ്ഥയില്‍ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയത് അഭിനന്ദനീയം. ആദ്യം ആ വാര്‍ത്തയുടെ ടൈറ്റില്‍ ഒന്ന് രണ്ടിടത്ത് കണ്ടപ്പോള്‍ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു. സന്തോഷവും തോന്നി. എന്നാല്‍ ആ വീഡിയോ കണ്ടപ്പോള്‍ സത്യത്തില്‍ സങ്കടമാണ് തോന്നിയത്.
കാരണം ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്‌പൈന്‍ ബോര്‍ഡ് പോലുമില്ലാതെ അഞ്ചാറ് പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നയാള്‍ക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അശാസ്ത്രീയമായി ആ വീഡിയോയില്‍ കാണുന്ന പോലെ മാറ്റുമ്പോഴുള്ള പ്രധാന അപകടങ്ങള്‍ ഇവയാണ്.
1.സുഷുമ്‌നാനാഡിക്ക് സംഭവിക്കുന്ന പരിക്ക്
വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. സ്‌പൈന്‍ ബോര്‍ഡോ സെര്‍വിക്കല്‍ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയര്‍ത്തുമ്പോള്‍, സ്ഥാനഭ്രംശം വന്ന കശേരുക്കള്‍ (fractured vertebrae) സുഷുമ്‌നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാം. ഇത് ശാശ്വതമായി തന്നെ കൈകാലുകളുടെ ചലനം നഷ്ടപ്പെടുത്തുകയോ (Paraplegia /Quadriplegia) ചിലപ്പോള്‍ ശ്വസന തടസ്സം മൂലം ഉടനടിയുള്ള മരണത്തിനു കാരണമാകുകയോ ചെയ്യാം.
2. ശ്വസനനാളി തടസ്സപ്പെടല്‍
അബോധാവസ്ഥയിലുള്ള രോഗിയുടെ തലയും കഴുത്തും കൃത്യമായി ഉറപ്പിച്ചു നിര്‍ത്താതെ മാറ്റുമ്പോള്‍ നാവ് പിന്നിലേക്ക് മറിഞ്ഞ് ശ്വാസനാളം അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്.
3. ആന്തരിക രക്തസ്രാവം വര്‍ധിക്കല്‍
ഇടുപ്പെല്ലിലെ അസ്ഥികള്‍ക്കോ വാരിയെല്ലുകള്‍ക്കോ പൊട്ടലുണ്ടെങ്കില്‍, ശരീരത്തെ മടക്കിയോ കുലുക്കിയോ സാധാരണ വാഹനങ്ങളിലേക്ക് കയറ്റുമ്പോള്‍ ആന്തരിക അവയവങ്ങളിലേക്ക് (കരള്‍, പ്ലീഹ തുടങ്ങിയവ) അസ്ഥിക്കഷണങ്ങള്‍ തറച്ചുകയറി അതിവേഗത്തിലുള്ള ആന്തരിക രക്തസ്രാവം ഉണ്ടാകാം. നേരത്തേ ഉണ്ടായ രക്തസ്രാവം വര്‍ദ്ധിക്കാം. വേറെയും നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാവാം. ശാസ്ത്രീയമായ രക്ഷാപ്രവര്‍ത്തനം ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം പറയാം.
1. ഇമ്മൊബിലൈസേഷന്‍
പരിക്കേറ്റയാളുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരേ നേര്‍രേഖയില്‍ അനങ്ങാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി സെര്‍വിക്കല്‍ കോളറും ഉറപ്പുള്ള സ്‌പൈന്‍ ബോര്‍ഡും (Spine Board) ഉപയോഗിക്കണം.
2. ലോഗ് റോള്‍ ടെക്‌നിക് (Log-roll Technique)
സ്‌പൈന്‍ ബോര്‍ഡിലേക്ക് രോഗിയെ മാറ്റുമ്പോഴും ശരീരം വളയാന്‍ പാടില്ല. തല നിയന്ത്രിക്കുന്ന ആളുടെ നിര്‍ദ്ദേശാനുസരണം ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് രോഗിയുടെ ശരീരം ഒരു മരത്തടി ഉരുട്ടുന്നതുപോലെ ഒരൊറ്റ യൂണിറ്റായി വേണം ബോര്‍ഡിലേക്ക് കിടത്തണം.
3. സാധാരണ കാറുകളിലോ ജീപ്പുകളിലോ രോഗിയെ ഇടുങ്ങിയ രീതിയില്‍ കിടത്തുമ്പോള്‍ കൃത്രിമ ശ്വാസോച്ഛ്വാസം (Airway management) നല്‍കാനോ മറ്റ് ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ സാധിക്കില്ല. ഓക്‌സിജന്‍ സിലിണ്ടര്‍, സക്ഷന്‍ മെഷീന്‍, സ്‌ട്രെച്ചര്‍ എന്നിവയുള്ള ഒരു ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് രോഗിക്ക് ആവശ്യം.
തീപിടിത്തം, വാഹനം പൊട്ടിത്തെറിക്കാനുള്ള സാധ്യത, അല്ലെങ്കില്‍ മറ്റ് അടിയന്തര ദുരന്ത സാഹചര്യങ്ങള്‍ എന്നിവ ഒഴികെ, രോഗിയെ സുരക്ഷിതമായി മാറ്റാന്‍ അടിസ്ഥാന മെഡിക്കല്‍ സൗകര്യമുള്ള ആംബുലന്‍സിനായി കാത്തിരിക്കുകയാണ് ഉചിതം. അടിയന്തര സാഹചര്യത്തില്‍ സാധാരണ വാഹനം ഉപയോഗിക്കേണ്ടി വന്നാല്‍ പോലും കഴുത്തും നട്ടെല്ലും വളയാതെ, പരന്ന പ്രതലത്തില്‍ കിടത്തിക്കൊണ്ടു മാത്രമേ കൊണ്ടുപോകാവൂ.
ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ പരിശീലനം ലഭിച്ച ട്രോമാ കെയര്‍ സംഘത്തിന്റെ ഇടപെടലാണ് പലപ്പോഴും രോഗിയുടെ ജീവന്‍ രക്ഷിക്കുന്നത്. ഈ സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ ഏറ്റവും മികച്ച ട്രോമാ സെന്ററില്‍ കൊണ്ട് ചെന്നാലും അവിടുത്തെ ഡോക്ടര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല.
മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ല. അപകടത്തില്‍പെട്ട് കിടന്നൊരാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നത് മാത്രമാവും അപ്പോള്‍ അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക. എന്നാല്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ആ നല്ല ഭാരം തോന്നിക്കുന്ന രോഗിയെ തൂക്കിയെടുക്കുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള അവര്‍ക്കും പറയാന്‍ കഴിഞ്ഞില്ല ഇങ്ങനെ അല്ലാ ചെയ്യേണ്ടത് എന്ന്.
റോഡില്‍ അപകടത്തില്‍ പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാന്‍ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോള്‍ നിരവധി പേര്‍ക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയില്‍ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലന്‍സ് വിളിച്ച് അതില്‍ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകള്‍ സാധ്യമാണെങ്കില്‍ ചെയ്യുക.
ആ രോഗി രക്ഷപ്പെടട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha



























