ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.
രാത്രിസമയം ഒന്നിച്ച് സഞ്ചരിച്ചതിനാണ് സംഘത്തിലുള്ളവര്‍ പത്താം ക്ലാസുകാരായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ആക്രമിക്കാന്‍ തുടങ്ങിയത്. ഒരു സംഘം യുവാക്കള്‍ റോഡില്‍വച്ച് പെണ്‍കുട്ടിയെ തടയുന്നതും ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചില യുവാക്കള്‍ മോശമായി സ്പര്‍ശിക്കുന്നതും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ സുഹൃത്തായ ആണ്‍കുട്ടി അക്രമികള്‍ക്ക് പിറകെ ഓടിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നത്.
ശനിയാഴ്ച വൈകിട്ട് ജമുയി നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ജമുയി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ മര്‍വ പഹാഡില്‍ പോയി മടങ്ങിവരുമ്പോഴാണ് ഒരു സംഘം യുവാക്കള്‍ ഇവരെ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ യുവാക്കള്‍ മാറ്റിനിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടി കൈകൂപ്പി കരഞ്ഞ് പറഞ്ഞിട്ടും പിന്മാറാന്‍ അക്രമികള്‍ തയ്യാറായില്ല. ചിലര്‍ ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാക്കള്‍ തിരിച്ചെത്തി വീണ്ടും ഉപദ്രവം തുടരുന്നുണ്ട്.
ഏകദേശം 20 മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായതായാണ് പൊലീസ് പറയുന്നത്. എന്നാല്‍, സംഭവത്തില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് ഇടപെട്ടാണ് ഇരകളെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























