കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പകല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു, നവീകരണപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

സിയാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി ബുധനാഴ്ച ആരംഭിക്കുന്നതിനാലാണിത്. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടച്ച് വൈകിട്ട് ആറിനു തുറക്കും. സര്‍വീസുകളെല്ലാം വൈകിട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്കു പുനക്രമീകരിച്ചിട്ടുള്ളതിനാല്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. ഒരു രാജ്യാന്തര സര്‍വീസും അഞ്ച് ആഭ്യന്തര സര്‍വീസുകളും മാത്രമാണു റദ്ദാക്കിയിട്ടുള്ളത്.
ഒരു വര്‍ഷം മുമ്പുതന്നെ റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ സാധിച്ചതു സിയാലിനു നേട്ടമായി. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണു രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.
കൊച്ചി വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരേയും 240 സര്‍വീസുകളും കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം എന്നത് ബുധനാഴ്ച മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇതു പരിഗണിച്ച് ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
യാത്രക്കാര്‍ക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സിഐഎസ്എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
2009-ല്‍ ആണ്, 1999-ല്‍ കൊച്ചി വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ആദ്യ റണ്‍വെ റീ-സര്‍ഫസിങ് നടത്തിയത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വെയ്ക്കുള്ളത്. വര്‍ഷങ്ങളുടെ ഉപയോഗത്തില്‍ റണ്‍വെയുടെ മിനുസം കൂടും. ഇതു വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്ങിനെ ബാധിച്ചേക്കാം. വിമാനങ്ങള്‍ കൃത്യമായ സ്ഥലത്ത് ലാന്‍ഡ് ചെയ്യണമെങ്കില്‍ റണ്‍വെയ്ക്കു നിശ്ചിത തോതിലുള്ള ഘര്‍ഷണം ഉണ്ടാകണം. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീ-സര്‍ഫസിങ് നടത്തുന്നത്.
റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്ന മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് റണ്‍വെ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടുന്നത്. സമാന്തരമായി റണ്‍വെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തില്‍ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കും. ഇതോടെ റണ്‍വെയുടെ മധ്യരേഖയില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകള്‍ സ്ഥാപിക്കപ്പെടും. 150 കോടി രൂപയാണ് റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സിയാല്‍ വകയിരുത്തിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവമ്പര്‍-മാര്‍ച്ച് റണ്‍വെ നവീകരണ പ്രവര്‍ത്തനത്തിന് സിയാല്‍ തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha


























