നിര്‍ണായക വിവരങ്ങള്‍... ശബരിമല തീര്‍ത്ഥാടനം സമാധാനമായി പുരോഗമിക്കുമ്പോള്‍ മല ചവിട്ടാന്‍ 319 യുവതികള്‍; 15 മുതല്‍ 45 വയസ് വരെ പ്രായമുള്ള യുവതികളെ എന്ത് പറഞ്ഞ് ഉപദേശിക്കുമെന്നറിയാതെ പോലീസുകാര്‍; ആരെങ്കിലും പോകണമെന്ന് വാശി പിടിക്കുകയോ കടകംപള്ളി പറഞ്ഞതുപോല കോടതി വിധിയുമായി വന്നാലോ തീര്‍ന്നു

സമാധാനത്തോടെയുള്ള ശബരിമല ദര്‍ശനത്തിന് രണ്ടുനാള്‍ കഴിഞ്ഞു. ഇതിനിടെ പത്തുപതിനഞ്ച് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയെങ്കിലും വലിയ പ്രശ്നമുണ്ടാകാതെ പോലീസ് അവരെ ഉപദേശിച്ച് വിട്ടു. ഈ ഉപദേശം എത്രനാള്‍ തുടരുമെന്ന് പോലീസുകാര്‍ക്കറിയില്ല. വെറും ഒരു തീപ്പൊരി മതി ആളുകൂടാനും നാമജപം നടക്കാനും. അതിനാല്‍ തന്നെ വളരെ കരുതലോടെയുള്ള നിലപാടുകളാണ് പോലീസ് എടുക്കുന്നത്.
പോലീസ് ഇങ്ങനെ ഉപദേശം നല്‍കി ദിവസം എണ്ണി നീക്കവേ ശബരിമല ദര്‍ശനത്തിന് 319 യുവതികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരാണ് ഈ 319 പേര്‍. പോലീസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴിയാണ് യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 മുതല്‍ 45 വയസ്സു വരെ പ്രായമുള്ള 319 യുവതികള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. വിര്‍ച്വല്‍ ക്യൂവില്‍ പേര് ചേര്‍ക്കാനായി വെബ്സൈറ്റില്‍ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ നിന്നാണ് ഇതുവരെ 15 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള 319 സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നുവെന്ന വിവരം പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികളെ അനുവദിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് എജി നിയമോപദേശം നല്‍കിയിരുന്നു. ഈ മണ്ഡലകാലത്ത് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെയും നിലപാട്.
അതേസമയം, രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ സ്വദേശികള്‍ ആണ്. 160 പേര്‍. തമിഴ്നാട്ടില്‍ നിന്ന് 139 പേരും കര്‍ണാടകയില്‍ നിന്ന് 9 യുവതികളും ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്ന് 8 പേരും ഒഡിഷയില്‍ നിന്ന് മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേരളത്തില്‍ നിന്ന് ഇതുവരെ ഒരു യുവതിയും ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ മണ്ഡലകാലത്ത് ദര്‍ശനത്തിനായി ഇതുവരെ എട്ട് ലക്ഷത്തോളം വിശ്വാസികളാണ് കേരള പോലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് പ്രത്യേക ക്യൂ വഴി സന്നിധാനത്തെത്തി് ദര്‍ശനം നടത്താം.
ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്ത് യുവതികളെയാണ് പോലീസ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി.
സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
യുവതികള്‍ പമ്പയില്‍ എത്തുന്നതിന് മുമ്പ് തടയാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലയ്ക്കല്‍വരെയാണ് തീര്‍ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ വാഹനം പാര്‍ക്കുചെയ്ത് നിലയ്ക്കല്‍പമ്പ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസില്‍ തീര്‍ഥാടകര്‍ക്ക് പമ്പയിലെത്താം. ഇനി ആ പരിശോധന വിജയിച്ച് പമ്പയിലെത്തിയാല്‍ അവിടെ വച്ചും തിരിച്ചയ്ക്കാനാണ് നോക്കുന്നത്. ഇതിനിടയ്ക്കാണ് 319 യുവതികള്‍ വരുന്നത്. ഇവരാരെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ വാക്ക് കേട്ട് കോടതി വിധിയുമായി വന്നാല്‍ എല്ലാം തീര്‍ന്നു.
https://www.facebook.com/Malayalivartha


























