ഇന്ത്യയില്‍ നിന്നൊരു മിസ്റ്റര്‍ യൂണിവേഴ്‌സ്

1967-ല്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ നേടിയ പട്ടം ഒരു മലയാളി സ്വന്തമാക്കിയതിന്റെ ആഹ്‌ളാദത്തിലാണ് കേരളത്തിലെ ബോഡി ബില്‍ഡിങ് പ്രേമികള്‍. എറണാകുളം വടുതലയിലുള്ള ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള രണ്ടുമുറി വീട്ടിലാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ അഭിമാനം വന്നു ചേര്‍ന്നത്. 38 രാജ്യങ്ങളിലെ മികച്ച 'മസില്‍മാന്‍'മാരെ ശരീരപേശികളുടെ അഴകളവുകളില്‍ തറപറ്റിച്ചാണ് കൊറിയയില്‍ നടന്ന പതിനൊന്നാമത് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോട്‌സ് ചാംപ്യന്‍ഷിപ്പില്‍ ചിത്തരേഷ് നടേശന്‍ എന്ന 33-കാരന്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ, കൊച്ചി വടുതല സ്വദേശിയായ ചിത്തരേഷ് രാജ്യത്ത് നിന്ന് ആദ്യമായി മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടമണിഞ്ഞ ബോഡി ബില്‍ഡറായി.
കൊച്ചിയില്‍ നടന്ന ഗംഭീര സ്വീകരണച്ചടങ്ങ് കേരളത്തിലെ ബോഡി ബില്‍ഡിങ് സമൂഹത്തിന്റെ ആഹ്ലാദത്തിന്റെ പ്രതിഫലനമായിരുന്നു. കേരള ബോഡിബില്‍ഡിങ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദന്‍, സെക്രട്ടറി ടി.വി. പോളി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീജിന്‍, സെക്രട്ടറി രാകേഷ്, ജില്ലാ ബോഡി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ജെറി ലോപസ്, സെക്രട്ടറി എ.ജെ. സേവ്യര്‍ ജോസഫ് തുടങ്ങിയവരാണ് ചിത്തരേഷിനെ സ്വീകരിക്കാനെത്തിയത്.
ചിത്തരേഷിന്റെ കോച്ച് എം.പി. സാഗര്‍ നിറമനസ്സോടെ പറയുന്നു''യന്ത്രം പോലെ വര്‍ക്കു ചെയ്യും. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ചിത്തരേഷിന് ലഭിച്ചത്.'' ദിവസവും മൂന്നുനേരം മണിക്കൂറുകള്‍ നീളുന്ന കഠിനാധ്വാനത്തിനു ഫലമുണ്ടായി. ഇന്ത്യയ്ക്കും കേരളത്തിനും വേണ്ടി മല്‍സരത്തില്‍ പങ്കെടുക്കാനും വിജയിയാവാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിലേറെ സന്തോഷം നിങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതാണ്. വിനയാന്വിതനായി ചിത്തരേഷിന്റെ പ്രതികരണം.

പശുവിനെ വളര്‍ത്തി ഇപ്പോഴും കുടുംബം പുലര്‍ത്തുന്ന പിതാവിന്റെ മകനെന്നു പറയുന്നതില്‍ ചിത്തരേഷിന് അഭിമാനം മാത്രം. ലോക കിരീടം ചൂടിയെങ്കിലും കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കു നടുവിലാണ് ചിത്തരേഷ് ഇപ്പോഴും. ഒരു സര്‍ക്കാര്‍ ജോലി ലഭിക്കണമെന്ന ആഗ്രഹം ചിത്തരേഷ് മറച്ചു വച്ചില്ല.
ചേട്ടന്‍ വലിയ കിരീടം അണിഞ്ഞെന്നറിയാം രണ്ട് കുഞ്ഞനുജത്തിമാര്‍ക്ക്. വീട്ടില്‍ പിതാവിനെ സഹായിക്കാന്‍ ഇവരുമുണ്ട്. ചിത്തരേഷിന്റെ വീട്ടു മതിലില്‍ എഴുതിയിട്ടുള്ള പരസ്യവാചകം പോലെ - 'സന്തോഷത്തിന്റെ തുടക്കം മാത്രമല്ല, ആയുഷ്‌കാലം മുഴുവന്‍ അത് തുടരുകയും ചെയ്യട്ടെ' - ഈ വരികള്‍ പൊന്നാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
https://www.facebook.com/Malayalivartha


























