സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിനെ മകന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി, വൈത്തിരി സ്വദേശി ജോണിനാണ് മര്‍ദ്ദനമേറ്റത്

സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിനെ മകന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരി സ്വദേശി ജോണിനാണ് മര്‍ദ്ദനമേറ്റത്. തന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്നും അതില്‍ ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഗഗാറിന്റെ മകനൊപ്പം വൈത്തിരി പഞ്ചായത്തംഗം എല്‍സിയും സിപിഎം പ്രവര്‍ത്തകരുംഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം തര്‍ക്കം ഉണ്ടാക്കുകയായിരുന്നെന്നാണ് ആരോപണം. ജോണ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ജോണിനെതിരെ പഞ്ചായത്തംഗം എല്‍സിയും പരാതി നല്‍കിയിട്ടുണ്ട്.
ഭാര്യ സക്കീനയുടെ മരണത്തില്‍ പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ജോണ്‍ വയനാട് എസ്പിക്ക് പരാതി നല്കിയിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സക്കീനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. ഭാര്യയുടെ മരണം കൊലപാതകമാണെന്നു കരുതുന്നതായും അയല്‍വാസികളായ നാല് പേരെ സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ വിവരങ്ങളും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സക്കീനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് സക്കീനയ്ക്ക് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.
ജോണിന്റെ പരാതി പാര്‍ട്ടിക്കെതിരെയുള്ളതാണെന്ന നിലപാടിലാണ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ്. ക്രൈംഡിറ്റാച്ച്‌മെന്റാണ് അന്വേഷണം നടത്തുന്നത്. ഏത് തരത്തിലുള്ള അന്വേഷവും പാര്‍ട്ടി സ്വാഗതം ചെയ്യുന്നെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ജോണിനെ സംഘം ചേര്‍ന്ന മര്‍ദിച്ച സംഘത്തില്‍ ഗഗാറിന്റെ മകനും ഡിവൈഎഫ് നേതാവും കൂടി ഉള്‍പ്പെട്ടതോടെ രാഷ്ട്രീമായി സി.പി.എം പ്രതിരോധത്തിലായി. ഗഗാറിനും ഭാര്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് ജോണ്‍ ആരോപിക്കുന്നു. ഗഗാറിന്‍ ഭാര്യയെ പതിവായി ഫോണിലൂടെ വിളിക്കുമായിരുന്നെന്നും ഇരുവരും തൃശൂരും കോഴിക്കോടും പോയിട്ടുണ്ടെന്നും പറയുന്നു.
അടുത്തകാലത്ത് ഗഗാറിന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നതായി ജോണ്‍ പറയുന്നു. സക്കീനയുടെ ഫോണിലെ സിം കാര്‍ഡ് ഗഗാറിന്‍ ഊരിവാങ്ങി. തെളിവുകള്‍ നശിപ്പിക്കുന്നതിനാണിതെന്നും ജോണ്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ചോരവാര്‍ന്ന നിലയിലാണ് ജോണ്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സംഭവത്തില്‍ ഗൂഢാലോചന ഉള്ളതായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിക്കുന്നു. മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പി.ശശി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മുമ്പ് ലൈംഗിക ആരോപണ പരാതി ഉണ്ടായിട്ടുണ്ടെങ്കിലും കൊലപാതകക്കേസില്‍ ആദ്യമായാണ് പരാതി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























