പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി
പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി. 130 ലധികം രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്‍റെ വൈകാരിക വിടവാങ്ങൽ പ്രസംഗത്തോടെയാണ് തുടക്കമായത്. ലോകത്തെ വിഭജിക്കുന്ന ഭിന്നതകൾ വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. എ ഐ സാങ്കേതികവിദ്യയ്ക്ക് അമിതാധികാരം നൽകുന്നത് അപകടമാണെന്ന മുന്നറിയിപ്പും യു എൻ സെക്രട്ടറി ജനറൽ നൽകി. യു എൻ രക്ഷാസമിതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകണമെന്ന സുപ്രധാന നിർദ്ദേശവും മുന്നോട്ടുവച്ചാണ് ഗുട്ടെറസ് വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചത്. യു എൻ സെക്രട്ടറി ജനറൽ എന്ന നിലയിൽ കാലാവധി പൂർത്തിയാക്കുന്ന ഗുട്ടെറസിന്‍റെ അവസാന പൊതുസഭാ പ്രസംഗത്തിന് നിറയെ കയ്യടി ലഭിച്ചു.
ഇറാന് മുന്നറിയിപ്പ്, യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപിന്‍റെ പ്രഖ്യാപനം
അതേസമയം പൊതുസമ്മേളനത്തിൽ സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് എതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇറാൻ ലോകത്തെ ഭീകരതയുടെ പ്രധാന പ്രായോജകരാണെന്നും അരനൂറ്റാണ്ടിലേറെയായി രക്തച്ചൊരിച്ചിലിലൂടെ ലോകത്തെ ഭീതിയിലാഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽ സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തെ ഇറാന്റെ പരമോന്നത നേതാവ് ആഘോഷിച്ചുവെന്നും ട്രംപ് ആരോപിച്ചു. തന്നോട് കരാറുണ്ടാക്കാൻ വിസമ്മതിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് ഇറാൻ ഇപ്പോൾ അനുഭവിക്കുന്നത്. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിലൂടെ ഇറാന്റെ സൈനികശേഷിയും സമ്പദ്‌വ്യവസ്ഥയും തകർത്തു. ഇറാന്‍റെ നാവികസേനയും വ്യോമസേനയും ഇല്ലാതായെന്നും സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ആണവമോഹങ്ങളും ഭീകരപ്രവർത്തനത്തിനുള്ള ശേഷിയും ലോകം അവഗണിച്ചുവെന്ന വിമർശനവും യു എസ് പ്രസിഡന്‍റ് മുന്നോട്ടുവച്ചു. ഇറാനെ പൂർണമായി നശിപ്പിക്കണമോ എന്നതാണ് തനിക്ക് മുന്നിലുള്ള വലിയ തീരുമാനം. അക്കാര്യത്തിലടക്കം തീരുമാനം വൈകില്ല. എന്തായാലും ഇറാന് ഒരിക്കലും ആണവായുധം അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് ആയുധങ്ങളുടെ ഒരു ക്ഷാമവുമില്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























