പാചകത്തിനിടെ വൈദ്യുതി നിലച്ചപ്പോള്‍ ഇരുട്ടത്ത് കുരുമുളക് പൊടിയെന്നു കരുതി എടുത്ത് വിതറിയത് എലിവിഷം...! കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ദമ്പതികള്‍ അപകടനില തരണം ചെയ്തു!

പാചകത്തിനിടെ ഉപ്പിനു പകരം പഞ്ചസാരയിടുന്നതു പോലുള്ള സംഭവങ്ങള്‍ അടുക്കളയില്‍ അത്ര അപൂര്‍വ്വമല്ല. ഇത്തരത്തില്‍ അടുക്കളയിലുണ്ടായ ഒരു അബദ്ധം കൊണ്ട് ജീവന്‍ പോയേക്കാവുന്ന സ്ഥിതി വരെ കാര്യങ്ങള്‍ എത്തിയിട്ട് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കോട്ടയത്തെ യുവദമ്പതികള്‍.
അടുക്കളയില്‍ മീന്‍ വറുത്തുകൊണ്ടിരിക്കവേ കറണ്ടുപോയി. വറുക്കാനുള്ള മീനിന് മസാല പുരട്ടാന്‍ എടുത്തുവച്ചപ്പോഴാണ് കറന്റ് പണിപറ്റിച്ചത്. എന്നാല്‍ ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് തുണി ചുരുട്ടി തിരിയാക്കിയിട്ടെങ്കിലും വെളിച്ചത്തിന് ഒരു താല്‍ക്കാലിക സംവിധാനം ഉണ്ടാക്കാന്‍ മിനക്കെട്ടില്ല. പകരം ഉപ്പും മുളകും കുരുമുളകുമെല്ലാം തപ്പിത്തടഞ്ഞ് എടുത്ത് മീനില്‍ ഇട്ടു പുരട്ടി. കറണ്ട് വരാന്‍ താമസിച്ചതോടെ മീന്‍ വറുക്കുകയും ചെയ്തു.
കറണ്ട് വന്നതോടെ വറുത്ത മീന്‍ കൂട്ടി ഇരുവരും വയറു നിറയെ ചോറും ഉണ്ടു. പിന്നാലെ ഛര്‍ദ്ദിയും തുടങ്ങി. ഇതോടെ അടുക്കളയിലെത്തി പരിശോധിച്ചപ്പോഴാണ് കുരുമുളക് പൊടിക്ക് പകരം ഇട്ടത് എലിവിഷമാണെന്ന് തിരിച്ചറിഞ്ഞത്.
ഉടന്‍ തന്നെ പാലാ താലൂക്ക് ആശുപത്രിയിലേയ്ക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കും എത്തി. ഇവര്‍ക്ക് ഏഴുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുട്ടി മീന്‍ വറുത്തത് കഴിച്ചിരുന്നില്ല എന്നതും ആശ്വാസകരമായി. എന്തായാലും ഇരുവരുടെയും ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാലും അടുക്കളയില്‍ ഉപയോഗിക്കുന്ന കറിപ്പൊടികള്‍ക്കരികെ തന്നെ എലിവിഷവും സൂക്ഷിക്കാന്‍ തോന്നിയ ബൂദ്ധി സമ്മതിച്ചുകൊടുക്കണം!
https://www.facebook.com/Malayalivartha

























