മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ പാതിരാ നാടകത്തിന് 80 മണിക്കൂര്‍ പിന്നിടും മുമ്പ് കര്‍ട്ടണ്‍ വീണു, മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് രാജിവെച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ പാതിരാ നാടകത്തിന് 80 മണിക്കൂര്‍ പിന്നിടും മുമ്പ് കര്‍ട്ടണ്‍ വീണു. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് രാജിവെച്ചു. മുംബയിലെ ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചു. അതിന് ശേഷം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കത്ത് കൈമാറി. ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടും രണ്ടാം തവണ ഫഡ്‌നാവിസിന് പിഴച്ചു. വാര്‍ത്താസമ്മേളനത്തിലൂടനീളം ശിവസേനയെ അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന ശിവസേനയ്ക്ക് ഇത്തവണ കൂടുതല്‍ സീറ്റി ലഭിച്ചതോടെ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതിസന്ധി ആരംഭിച്ചത്.
ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ജനങ്ങള്‍ തെരഞ്ഞെടുത്ത ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ് ത്രികക്ഷി സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഫഡ്‌നാവിസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശല്‍ തുടങ്ങിയിരുന്നു. അവര്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കുമായിരുന്നു. എന്നാല്‍ ഉറപ്പ് നല്‍കാത്ത കാര്യത്തിനായി വിലപേശി , അതാണ് ശിവസേനയുമായുള്ള സഖ്യം തകരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാര്‍ പിന്തുണ അറിയിച്ചതോടെയാണ് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ അജിത് പവാറിനായില്ല. അതിനാല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെ ആദ്യം അജിത് പവാറും ഇപ്പോള്‍ താനും രാജിവച്ചൊഴിയുകയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
സ്ഥിരതയുള്ള സര്‍ക്കാരല്ല മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുകയെന്നും ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. ആശയ ഭിന്നതയുള്ള മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. മൂന്ന് വശത്തേക്ക് പോവുന്ന ചക്രങ്ങളുള്ള മുച്ചക്ര വാഹനം പോലെയാവും ത്രികക്ഷി സര്‍ക്കാരെന്നും അദ്ദേഹം പ്രവചിച്ചു. എങ്കിലും അടുത്ത സര്‍ക്കാരിന് ആശംസകള്‍ നേരുന്നു. ഭൂരിപക്ഷം ഇല്ലെങ്കിലും കുതിരക്കച്ചവടം നടത്താനില്ല. അതിനാലാണ് രാജിയെന്നും ഫഡ്‌നവിസ് പറഞ്ഞു. ശിവസേന അധികാരഭ്രമം മൂത്ത് നടക്കുകയാണ് അതിനാലാണ് സോണിയാ ഗാന്ധിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. ഹിന്ദുത്വ ആശയം ഉയര്‍ത്തിപ്പിടിച്ചിരുന്ന ശിവസേന, അധികാരത്തിനായി സോണിയയുടെ കാല്‍ക്കല്‍ അതെല്ലാം വെച്ചു. ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷത്തിരിക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഹിന്ദുത്വ ആശയങ്ങളില്‍ അടിയുറച്ച് നിന്നതിനാലാണ് ശിവസേനയ്ക്കാപ്പം സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചത്. അവരതിന് വഴങ്ങാതിരുന്നത് കൊണ്ടാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയതെന്നും ഫഡ്‌നവിസ് ന്യായീകരിച്ചു. അര്‍ദ്ധരാത്രിയില്‍ സഖ്യം രൂപീകരിച്ച് പുലര്‍ച്ചെ സര്‍ക്കാരുണ്ടാക്കിയത് ശരിയാണോ, അല്ലയോ എന്ന് പിന്നെ ആലോചിക്കാമെന്നും ഫഡ്‌നവിസ് പറഞ്ഞു. അജിത് പവാറിന്റേത് ഗൂഢാലോചനയായിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി. അജിത് പവാര്‍ രാജിവെച്ച ശേഷം മാധ്യമങ്ങളെ കണ്ടിരുന്നില്ല. അദ്ദേഹം എന്‍.സി.പിയില്‍ തുടരുമോ എന്നകാര്യത്തില്‍ തീരുമാനം ആയില്ല.
https://www.facebook.com/Malayalivartha

























