എന്‍.എസ്.എസ് നിലപാടിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സി.പി.എമ്മും കീഴടങ്ങിയതോടെ അവര്‍ സര്‍ക്കാരിന്റെ ന്യായമായ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചന ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നല്‍കി

ശബരിമല യുവതീപ്രവേശനം നടത്തി ആചാരലംഘനം നടത്തരുതെന്ന എന്‍.എസ്.എസ് നിലപാടിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സി.പി.എമ്മും കീഴടങ്ങിയതോടെ അവര്‍ സര്‍ക്കാരിന്റെ ന്യായമായ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചന ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നല്‍കി. ശബരിമല മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ പ്രത്യേക നിയമിനിര്‍മാണം നടത്തണമെന്ന സുപ്രീംകോടതി നിലപാടിനോട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കടുത്ത വിയോജിപ്പാണുള്ളത്. അതിന് പരസ്യ പിന്തുണ നല്‍കിയിരിക്കുകയാണ് എന്‍.എസ്.എസ്. ശബരിമലയ്ക്കായി പ്രത്യേക നിയമം നടപ്പിലാക്കിയാല്‍ അത് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിനെ ബാധിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1200 ക്ഷേത്രങ്ങളെ ബാധിക്കുമെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും ഇക്കാര്യം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല ക്ഷേത്രം വര്‍ഷത്തില്‍ നാല് മാസത്തോളമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെങ്കിലും അവിടുത്തെ വരുമാനം കൊണ്ടാണ് ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരും ബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിന്ന് പോരുന്നത്. അതിനാല്‍ ശബരിമലയ്ക്കായി ഗുരുവായൂര്‍ മാതൃകയില്‍ പ്രത്യേകനിയമം കൊണ്ടുവന്നാല്‍ ഇവയെയെല്ലാം തകര്‍ക്കുന്നതിന് തുല്യമായിരിക്കും അതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മണ്ഡലകാലത്തെ പ്രശ്‌നങ്ങള്‍ ബോര്‍ഡിന് ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വികസനത്തിനായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഹൈപ്പവര്‍ കമ്മിറ്റി നിലവിലുണ്ട്. അതിനാല്‍ മറ്റൊരു ബോഡിക്ക് ക്ഷേത്രത്തിന്റെ ചുമതല നല്‍കേണ്ട കാര്യമില്ല. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കോടതി നിയമനിര്‍മാണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഹൈപ്പവര്‍ കമ്മിറ്റിയുടെ കാര്യം സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. അതെന്താണെന്നും വ്യക്തമായിട്ടില്ല. ദേവസ്വം ബോര്‍ഡും ഹൈപ്പവര്‍ കമ്മിറ്റിയും ചേര്‍ന്നാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനങ്ങള്‍ നടപ്പാക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടാകുമായിരുന്നില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസുമായി അടുക്കാന്‍ കിട്ടിയ ചാന്‍സാണിത്. അവര്‍ പറയുന്ന കാര്യത്തില്‍ കഴമ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരും ബോര്‍ഡ് നിലപാടിനൊപ്പം നില്‍ക്കാനാണ് സാധ്യത. നാലാഴ്ചയ്ക്കകം നിയമത്തിന്റെ കരട് വേണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അത് നല്‍കാതിരിക്കാനാവില്ല. കരട് സമര്‍പ്പിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡിന്റെ രൂപീകരണവും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ ഭരണവും സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമായി ധരിപ്പിച്ചില്ലെങ്കില്‍ വലിയതിരിച്ചടിയാകും.
https://www.facebook.com/Malayalivartha

























