ഗാനഗന്ധര്‍വന് ഇന്ന് എണ്‍പതാം പിറന്നാള്‍ ....സ്വരമാധുരിയാല്‍ കാലത്തെയും ഭാവരാഗങ്ങളാല്‍ തലമുറകളെയും വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകന്‍ എണ്‍പതാം പിറന്നാള്‍ നിറവില്‍, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ എണ്‍പതാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍

ഗാനഗന്ധര്‍വന് ഇന്ന് എണ്‍പതാം പിറന്നാള്‍. സ്വരമാധുരിയാല്‍ കാലത്തെയും ഭാവരാഗങ്ങളാല്‍ തലമുറകളെയും വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകന്‍ എണ്‍പതാം പിറന്നാള്‍ നിറവില്‍. ജാതിമത ഭേദങ്ങള്‍ക്കപ്പുറം മനുഷ്യരെ ഒന്നിപ്പിച്ച നാദസുന്ദര ജീവിതം എട്ട് പതിറ്റാണ്ടിലെത്തുമ്പോഴും യേശുദാസിന്റെ ഗാനങ്ങള്‍ക്ക് നിറയൗവനം. ജന്മദിനത്തില്‍ നാടെങ്ങും അവ സ്നേഹരാഗമായി പെയ്തിറങ്ങുകയാണ്.
സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ എണ്‍പതാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍. എണ്ണമറ്റ പരിപാടികളിലൂടെ ലോകമെങ്ങുമുള്ള മലയാളികളും സംഗീതപ്രേമികളും ആശംസകളാല്‍ സമ്പന്നമാക്കുമ്പോഴും യേശുദാസിന് ജന്മദിനാഘോഷം പതിവുപോലെതന്നെ.
എക്കാലവും മതനിരപേക്ഷതയുടെ ശക്തനായ വക്താവായ അദ്ദേഹം വെള്ളിയാഴ്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തും. അരനൂറ്റാണ്ടിലേറെയായി മൂകാംബികയിലെ സംഗീതാര്‍ച്ചനയാണ് അദ്ദേഹത്തിന് ജന്മദിനാഘോഷം.
1940 ജനുവരി പത്തിന് ഫോര്‍ട്ട്കൊച്ചിയിലാണ് സംഗീതജ്ഞനും നാടകനടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി കട്ടാശേരി ജോസഫ് യേശുദാസ് ജനിച്ചത്. 1961ല്‍ 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനായി 'ജാതിഭേദം മതദ്വേഷം' എന്നു പാടി ചലച്ചിത്രലോകത്തെത്തിയ യേശുദാസ് പിന്നീട് സമാനതകളിലില്ലാത്ത ഗാനേതിഹാസമായി വളര്‍ന്നു. മൂന്നു സ്ഥായികളാലും ഒരേ മികവോടെ പാടാന്‍ കഴിയുന്ന അപൂര്‍വ ഗായകരിലൊരാളാണ് യേശുദാസ്. കര്‍ണ്ണാടക - ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏതു രാഗവും അനായാസമായി പാടിഫലിപ്പിക്കാനും ഇദ്ദേഹത്തിനു കഴിയും. കന്നഡയിലും തമിഴിലും ഇംഗ്‌ളീഷിലും ഹിന്ദിയിലും ഒരേ മികവോടെ പാടാന്‍ കഴിയുന്നുവെന്നത് യേശുദാസ് എന്ന ഗായകന്റെ മികവിനെയാണ് കാണിക്കുന്നത്.
സംഗീതഗാനാലാപത്തിനോടൊപ്പം അനേകം ഭക്തി ഗാനങ്ങളും യേശുദാസ് പാടിയിട്ടുണ്ട്. യേശുദാസിന്റെ 'കേരളം കേരളം.....', 'സരസ്വതീയാമം കഴിഞ്ഞൂ...', 'ആറാട്ടിനാനകള്‍ എഴുന്നള്ളീ..', 'പുലയനാര്‍ മണിയമ്മ....', 'ഉത്തരാസ്വയംവരം...' തുടങ്ങി അനേകം ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നവയാണ്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ യേശുദാസ് നിരവധി സംസ്ഥാനങ്ങളുടെയും പുരസ്‌കാരം നേടി. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു.
https://www.facebook.com/Malayalivartha























