മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കായിക വകുപ്പ് മന്ത്രി കെ. ഒ ജനീഷിന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് എല്ലാവരും ശ്രദ്ധിച്ചു കാണും. അതിൽ ഇങ്ങനെ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.
പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.
മന്ത്രിയുടെ ഗീർവാണത്തിന് ഒരു മറുപുറമുണ്ട്. വിഡി സതീശനുമായി കേന്ദ്ര സർക്കാർ പുലർത്തുന്ന അടുപ്പത്തിന് ഇടിവു വരുത്താനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചത്. ഇതിൽ കെ സി വേണുഗോപാലിന്റെ കറുത്ത കരങ്ങൾ സംശയിക്കുന്നവരും ധാരാളമുണ്ട് കെ സി അമിത് ഷായുടെ പ്രഖ്യാപിത ശത്രുവാണ്. കേരള സർക്കാർ കേന്ദ്രവുമായി പുലർത്തുന്ന അടുപ്പത്തെ നിരന്തരം ചോദ്യം ചെയ്യാൻ കെ സി ശ്രമിക്കുന്നുണ്ട്. എന്നാൽ സതീശൻ ഇതൊന്നും ഗൗനിക്കുന്നില്ല. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കാരണം സംസ്ഥാന മന്ത്രിമാർക്ക് റോഡിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധം കോൺഗ്രസിനുള്ളിൽ തന്നെ വിവാദമായി കഴിഞ്ഞു. യൂത്ത് കോൺഗ്രസിലെ കെ സി വേണുഗോപാൽ ഗ്രൂപ്പാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആരോപണം. വി ഡി സതീശനെ രാഷ്‌ട്രീയമായി ബുദ്ധിമുട്ടിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. കേദ്ര സർക്കാരിനെ പിണക്കി സംസ്ഥാനം ഭരിക്കുക അത്ര എളുപ്പമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്കുനേരെയുണ്ടായ പ്രതിഷേധ ത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് അനാവശ്യ സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്ന നടപടിയായി സംഭവത്തെ ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നു.
കെ സി വേണുഗോപാൽ പക്ഷത്തെ നേതാക്കൾ പാർട്ടിക്കുള്ളിൽ മതിയായ കൂടിയാലോചന നടത്താതെയാണ് കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് വിമർശനം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നടപടിയെ അപക്വമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നു. അമിത് ഷായെ കരിങ്കൊടി കാണിക്കാൻ തക്കതായ കാരണവും നിലവിലില്ല.
കെ സി വേണുഗോപാൽ പക്ഷവുമായി അടുപ്പമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം നടന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കെ സി വേണുഗോപാൽ പക്ഷത്തിന്റെ ആളായി പ്രവർത്തിക്കുന്ന ഒരാളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
പ്രതിഷേധത്തിന് പിന്നിൽ മതിയായ രാഷ്‌ട്രീയ കൂടിയാലോചന ഉണ്ടായില്ലെന്നും ഇതുവഴി പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ നിലപാടുകൾക്ക് തന്നെ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും വിമർശനം ഉയരുന്നു.
അതേസമയം, അമിത് ഷായ്‌ക്കുനേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം ശക്തമായിട്ടുണ്ട്.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഇതോടെ സംസ്ഥാനത്ത് ബിജെപിക്ക് കൂടുതൽ രാഷ്‌ട്രീയ പ്രതിഷേധത്തിനുള്ള സാഹചര്യമൊരുക്കിയെന്ന ആശങ്കയാണ് വി ഡി സതീശൻ പക്ഷത്തെ ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സിപിഎമ്മിനെ തികച്ചും അപ്രസക്തമാക്കി കൊണ്ട് ഊർജസ്വലമായി പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ റോൾ നിർവഹിക്കുന്ന ബിജെപിയുടെ പ്രതിഷേധങ്ങൾക്ക് കൂടുതൽ രാഷ്‌ട്രീയ മൂർച്ച ലഭിക്കാൻ യൂത്ത് കോൺഗ്രസ് നീക്കം കാരണമായെന്നാണ് ഇവരുടെ വിലയിരുത്തൽ.
കൊല്ലത്തെ പ്രതിഷേധം പാർട്ടിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷമായിരുന്നില്ലെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കോൺഗ്രസിനുള്ളിൽ തന്നെ പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ പറ്റി അന്വേഷണം വേണമെന്ന കോൺഗ്രസ് നേതാവിൻറെ പരാതിയിൽ രണ്ടു മാസത്തിനു ശേഷം പൊലീസ് നടപടിയെടുത്തത്.
ഡിജിപിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി പാർട്ടിയിൽ ഉണ്ടാക്കാനിടയുളള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തല സൈബർ സെൽ ഐജിയെ അന്വേഷണമേൽപ്പിച്ചത്.
മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയ ഘട്ടം മുതൽ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ആസൂത്രിത സ്വാഭാവമുണ്ടെന്നും പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നുമുളള ആക്ഷേപം കോൺഗ്രസിൽ ഉണ്ടായിരുന്നു. ഇതിൻറെ ചുവടുപിടിച്ചാണ് ജൂലൈ 20ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാം കെസിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ പറ്റി അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാൽ പൊലീസ് അനങ്ങിയില്ല. കെസി പക്ഷം ഉദ്ദേശിക്കുന്നത് വിഡി സതീശനെയാണ്.
ഇതോടെ ജോൺസൺ വീണ്ടും പൊലീസിനെ സമീപിച്ചു. പൊലീസിന് തെളിവു കിട്ടിയിട്ടില്ലെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പരാതിക്കാരൻ നൽകണമെന്നുമായിരുന്നു സൈബർ സെല്ലിലെ എസ്പി റാങ്കിലുളള ഉദ്യോഗസ്ഥൻറെ മറുപടി. ഇതിനു പിന്നാലെ കെസിക്കെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുന്ന അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങൾ ജോൺസൺ പൊലീസിന് കൈമാറി. എന്നിട്ടും ഒരു നടപടിയും പൊലീസിൽ നിന്ന് ഉണ്ടായില്ല. ഇതോടെയാണ് പരാതി അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നെന്ന ഗുരുതരമായ ആരോപണത്തോടെ ജോൺസൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരാതി നൽകിയത്.
കോൺഗ്രസ് സംഘടനാ ശ്രേണിയിലെ രണ്ടാമനായ വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ചുളള പരാതി അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആരോപണം പാർട്ടിയിൽ ഉണ്ടാക്കാവുന്ന വിവാദങ്ങൾ തിരിച്ചറിഞ്ഞാണ് ആഭ്യന്തരമന്ത്രി വേഗത്തിൽ ഇടപെട്ടത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി പൊലീസ് ജോൺസൻറെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇനിയും എഫ്ഐആർ ഇട്ടിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട പൊലീസിൻറെ മുന്നോട്ടുളള ഓരോ നീക്കങ്ങളും സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയിൽ നിർണായകമാകും.
ഇതിനു പിന്നാലെ കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ജോൺസൻ എബ്രഹാം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികളാണ്. പ്രതികളായ രണ്ടു പേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്.
സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. കേസെടുത്തതിനെത്തുടർന്ന് പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കും. അമിത് ഷാ സംഭവം ഉണ്ടായതിനു പിന്നാലെ മൊബെൽ ആക്രമണം ശക്തമായി.
കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബിജെപി രംഗത്തെത്തി. . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി ബി ഗോപകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വിവിഐപി വാഹനം കടന്നുപോയ വഴിയിൽ വെറും 50 മീറ്റർ മാത്രം അകലേക്ക് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
വിവിഐപിയുടെ സുരക്ഷാ വലയത്തിലേക്ക് ഇത്തരം ജനപ്രതിനിധികൾ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു. ഇതൊരു സാധാരണ പ്രതിഷേധ സംഭവമായി കണ്ട് നിസ്സാരവത്കരിക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു.
വൻ പൊലീസ് സന്നാഹവും ഇന്നലെ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന ഒരു സ്ഥലത്ത്, സുരക്ഷാ വലയം ഭേദിക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞത് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണോ എന്ന് പരിശോധിക്കണം. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്കെതിരെയും, സുരക്ഷാ ലംഘനം നടത്തിയ വ്യക്തികൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും പരാതിയിൽ ഇന്നലെ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ബി ബി ഗോപകുമാര്‍ പരാതി നൽകിയിട്ടുണ്ട്.
പരാതി മുറുകിയാൽ അന്വേഷണം വരും. ആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായെങ്കിൽ അത് സർക്കാരിന്റെ വീഴ്ചയായി കരുതേണ്ടി വരും. ആഭ്യന്തര മന്ത്രിക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ വിവാദമായി മാറും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും, പിണറായിയും തന്റെ ഭരണത്തിന്റെ ആദ്യദിവസങ്ങളിൽ സമാനമായ സാഹചര്യം അനുഭവിച്ചിരുന്നു. അന്ന് പി ജയരാജനാണ് പിണറായി സർക്കാരിനെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചത്. പിണറായിയും കേന്ദ്ര സർക്കാരുമായി ഉണ്ടായിരുന്ന ബന്ധം തകർത്തതും പാർട്ടിയാണ്. പിന്നീടാണ് പിണറായി തന്നെ ഇവരെ തള്ളി പറഞ്ഞത്. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് ബി ജെ പി വിരുദ്ധ പോരാട്ടം മന്ത്രിമാർ നടത്തിയിട്ടില്ല.
മന്ത്രി ജനീഷിനോട് മുഖ്യമന്ത്രിക്ക് വലിയ അനിഷ്ടമാണുണ്ടായിരിക്കുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ മന്ത്രി ശ്രമിച്ചതായി ഇതിനകം ആരോപണം ഉയർന്നു. മന്ത്രി നടത്തിയ വിദേശ യാത്രകളും വിവാദമായി മാറിയിരുന്നു. മന്ത്രിസഭക്ക് ഉള്ളിലിരുന്ന് നടത്തുന്ന ഇത്തരം കലാപങ്ങൾ ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. അത് സർക്കാരിന് ദോഷം ചെയ്യും. സർക്കാർ പ്രതിസന്ധിയിലാവാനും ഇടയാക്കും. എന്നാൽ ഇത്തരം ചിന്തകൾ മുഖ്യമന്ത്രി മന്ത്രി ജനീഷുമായി പങ്കു വച്ചിട്ടില്ല. കെ സി പക്ഷത്തിന്റെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ മന്ത്രി വീണു എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഇത്തരം കെണികളിൽ വീണാൽ മന്ത്രി ഉൾപ്പെടുന്ന മന്ത്രിസഭക്ക് തന്നെ ദോഷം വരുമെന്നും ജനീഷ് ഉൾപ്പെടുമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല സംഭവത്തിന് ശേഷം മന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ചും മുഖ്യമന്ത്രിക്ക് അത്യപ്തിയുണ്ട്. വരും ദിവസങ്ങളിൽ അഭിപ്രായ വ്യത്യാസം വളരാനുള്ള സാധ്യതയും തള്ളാനാവില്ല.
https://www.facebook.com/Malayalivartha























